കൊച്ചിയുടെ മുഖം മാറും,​ വരുന്നത് മഹാരാഷ്ട്ര മോഡൽ പദ്ധതി,​ തരിശു നിലത്ത് ഉയരും വ്യവസായ നഗരം

Tuesday 05 August 2025 2:47 AM IST

കൊച്ചി: വല്ലാർപാടം കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്‌മെന്റ് ടെർമിനലിന്റെ സാദ്ധ്യതകൾ മുതലാക്കി മെട്രോനഗരത്തിൽ തുറമുഖ അധിഷ്ഠിത വ്യവസായനഗരത്തിന് സാദ്ധ്യത. ടെർമിനലിന് സമീപം തരിശായികിടക്കുന്ന പൊക്കാളിപ്പാടങ്ങൾ വ്യവസായ നഗരമാക്കി മാറ്റാൻ പൊക്കാളി കർഷകരുടെ കൂട്ടായ്മയായ വല്ലാർപാടം-പനമ്പുകാട് ചെറുകിട കർഷകസംഘവും മുളവുകാട് ലാൻഡ് ഓണേഴ്സ് അസോസിയേഷനും സജീവമായി രംഗത്ത്. മഹാരാഷ്ട്രയിലെ കർഷക കൂട്ടായ്മയുടെ മഗർപട്ട ടൗൺഷിപ്പാണ് മാതൃക. ഗോശ്രീ പാലങ്ങളിലൂടെ എറണാകുളവുമായി ബന്ധപ്പെട്ടുകിടക്കുന്ന മുളവുകാട് പഞ്ചായത്തിലാണ് കണ്ടെയ്‌നർ ടെർമിനലും പൊക്കാളിപ്പാടങ്ങളുമുള്ളത്. വല്ലാർപാടം-പനമ്പ്കാട് ഭാഗത്ത് മാത്രം 500 ഏക്കർ തരിശായി കിടക്കുന്നു. കണ്ടെയ്‌നർ‌റോഡിന്റെ നിർമ്മാണത്തോടെ റോഡിന് പടിഞ്ഞാറ് 200 ഏക്കർ പൊക്കാളിപ്പാടങ്ങൾ കൂടി കൃഷിയോഗ്യമല്ലാതായി.

പോർട്ട് അധിഷ്ഠിത നഗരം

പാടങ്ങൾ നികത്തി വേണം തുറമുഖ അധിഷ്ഠിത വ്യവസായനഗരം സ്ഥാപിക്കാൻ. പോർട്ടധിഷ്ഠിത വെയർഹൗസുകൾ,ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ, ഫ്രെയിറ്റ് സ്റ്റേഷൻ,കോൾഡ് സ്റ്റോറേജ്,ഭക്ഷ്യസംസ്കരണശാലകൾ ഇതിന്റെ ഭാഗമാക്കാം. കണ്ടെയ്‌നർ ടെർമിനൽ 2024-25 സാമ്പത്തിക വർഷം 3.73 കോടി ടൺചരക്ക് കൈകാര്യം ചെയ്തതിൽ 1.12 കോടി ടൺ കണ്ടെയ്‌നറായിരുന്നു. ഇത് നല്ലൊരു സാദ്ധ്യതയാണ്. പുതുവൈപ്പ് എൽ.എൻ.ജി ടെർമിനലിൽ നിന്ന് ഉപോത്പന്നമായ എൻ.ജി.എൽ (നാച്വറൽ ഗ്യാസ് ലിക്വിഡ്സ്) പൈപ്പ് വഴി ഇവിടെയെത്തിച്ച് സെൻട്രലൈസ്ഡ് കോൾഡ് സ്റ്റോറേജിൽ സൂക്ഷിക്കാം.

തീരദേശ പരിപാലന നിയമം വഴിമാറുന്നു

സി.ആർ.ഇസഡ് മൂന്ന് പട്ടികയിൽപ്പെട്ട മുളവുകാടിനെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2024ൽ കോസ്റ്റൽ മാനേജ്മെന്റ് പ്ലാനിൽ പട്ടിക രണ്ടിലേക്ക് മാറ്റിയത് ശുഭകരമായി കർഷകർ കാണുന്നു. തണ്ണീർത്തടം-നെൽവയൽ നികത്തൽ നിരോധന നിയമത്തിലെ കടമ്പ കൂടി മറികടക്കേണ്ടതുണ്ട്. തരിശ്കിടക്കുന്ന കൃഷിയിടങ്ങൾ പരിശോധിച്ച് നിർമ്മാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകാൻ നിയമത്തിൽ സംവിധാനമുള്ളതിനാൽ സർക്കാരിന് താത്പര്യമുണ്ടെങ്കിൽ മെട്രോ നഗരത്തിൽ തുറമുഖഅധിഷ്ഠിത നഗരം ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.