ജനജീവിതം പ്രതിസന്ധിയിലാക്കി കൊടുംമഴ; കൊച്ചിയിൽ പലയിടങ്ങളിലും വെള്ളക്കെട്ട്, റെഡ് അലർട്ട്

Tuesday 05 August 2025 10:00 AM IST

കൊച്ചി: കനത്ത മഴയെത്തുടർന്ന് എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്. പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച മഴ രാവിലെ ഏഴ് മണിയോടെയാണ് തോർന്നത്. ഇതോടെ കലൂർ, ഇടപ്പള്ളി, പാലാരിവട്ടം മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ജോലിക്ക് പോകുന്നവരും സ്‌കൂളിൽ പോകുന്ന കുട്ടികളും ഉൾപ്പെടെ പ്രദേശവാസികളെല്ലാം പ്രതിസന്ധിയിലായി. ചെറിയ ഇടവഴികളിലും വെള്ളം കയറി. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊന്നും അവധി പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, കോട്ടയത്തും ഇടുക്കിയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. രാത്രികാല യാത്രകൾ ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കിയിൽ ലോ റേഞ്ചിലാണ് ശക്തമായ മഴ അനുഭവപ്പെടുന്നത്. മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. നദികളുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പലയിടത്തും വഴിയോരക്കച്ചവടക്കാർ ഉൾപ്പെടെ ദുരിതത്തിലായിരിക്കുകയാണ്.

ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ എന്നീ മൂന്ന് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് യെല്ലോ അലർട്ടുമുണ്ട്. ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.