'കളറായിട്ട് തന്നെ കൊടുക്കണേ, ഇത്തിരി വലുതായിട്ട് തന്നെ കൊടുത്തോ, ഞാനാണ് മെയിൻ'; മോഷണക്കേസ് പ്രതിയുടെ വീഡിയോ വൈറൽ

Tuesday 05 August 2025 10:36 AM IST

കൊല്ലം: കുരുമുളക് മോഷണക്കേസ് പ്രതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രതിയുടെ പേരുവിവരങ്ങൾ വ്യക്തമല്ല. ഇയാളെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ ചുറ്റുമുണ്ടായിരുന്ന ക്യാമറകളെ നോക്കി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ചിരിച്ചുകൊണ്ട് വളരെ കൂളായാണ് ഇയാൾ സംസാരിക്കുന്നത്.

'കളറായിട്ട് തന്നെ കൊടുക്കണേ. ഇത്തിരി വലുതായിട്ട് തന്നെ കൊടുത്തോ. ഞാനാണ് മെയിൻ. ഇവരെയൊക്കെ ഞാൻ വിളിച്ചുകൊണ്ടുപോയെന്നേയുള്ളൂ. നമ്മുടെ കൂടെ അറിയാതെ പെട്ടുപോയതാണ്. നമ്മള് മാത്രമേ മെയിനായിട്ടുള്ളൂ. അതുകൊണ്ട് അവരുടെ പടം കുറച്ചെടുത്താൽ മതി. എന്റെ പടം നന്നായി എടുത്തോ. ആൾക്കാർ കണ്ണുവയ്ക്കണ്ട.

ഞങ്ങൾ മുഖമൊക്കെ മറച്ചാണ് ചെയ്തത്. ബുദ്ധിപരമായ നീക്കത്തിലൂടെയാണ് ഞങ്ങളെ കീഴ്‌പ്പെടുത്തി പിടിച്ചിരിക്കുന്നത്. ചെയ്യുന്ന ജോലിക്ക് കറക്ടായിട്ട് കാര്യങ്ങൾ പറയണല്ലോ. ഒരു രൂപ മുതൽ പിൻ വരെ കിട്ടിയാൽ എടുക്കും. വേണമെന്നുവച്ച് ചെയ്യുന്നതല്ല. സാഹചര്യം ചെയ്യിക്കുന്നതാണ്. ആരും കള്ളനായിട്ട് ഭൂമിയിൽ ജനിക്കുന്നില്ല. അമ്മയുടെ വയറ്റിൽ നിന്ന് വരുമ്പോൾ ആരും കള്ളനല്ല. സാഹചര്യം കള്ളനാക്കിമാറ്റുന്നതാണ്.

എല്ലാ കടകളിൽ നിന്നൊന്നും മോഷ്ടിക്കാറില്ല. വിശ്വാസ വഞ്ചന കാണിച്ചാൽ നമ്മൾ എടുക്കും. നോക്കിവച്ചിരുന്ന കടയല്ല. മരത്തിൽ കയറിയാണ് എടുത്തിരുന്നത്. എന്നാൽ ആ കടക്കാരൻ വിലകുറച്ച് നൽകുന്നതൊക്കെ കുറേക്കാലമായി ഞാൻ മനസിലാക്കിയതാണ്. അപ്പോൾ അയാൾക്കിട്ട് തന്നെ പണി ഇരിക്കട്ടെയെന്ന് കരുതി.'- എന്നാണ് മോഷ്ടാവ് പറയുന്നത്.