നടുറോഡിൽ കെഎസ്‌ആർടിസി ഡ്രൈവർ വിദ്യാർത്ഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ചതായി പരാതി, വീഡിയോ പുറത്ത്

Tuesday 05 August 2025 12:49 PM IST

ആലപ്പുഴ: കെഎസ്‌ആർടിസി ഡ്രൈവർ വിദ്യാർത്ഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ആലപ്പുഴ അരൂരിലാണ് സംഭവം. ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്ത വിദ്യാർത്ഥിയെയാണ് ഡ്രൈവർ ബസ് ഇടിപ്പിക്കാൻ ശ്രമിച്ചത്. കോതമംഗലത്ത് വിദ്യാർത്ഥിയായ യദുകൃഷ്ണനാണ് പരാതിക്കാരൻ. തിരുവനന്തപുരം- അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്‌ആർടിസി സ്വിഫ്‌ട് ബസ് ഡ്രൈവർക്കെതിരെയാണ് പരാതി.

ബൈക്കിൽ തൃപ്പൂണിത്തുറയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു യദു. ഇതിനിടെ കെഎസ്‌ആർടിസി ബസ് ചെളി തെറിപ്പിച്ചതിനെത്തുടർന്ന് ധരിച്ചിരുന്ന യൂണിഫോമിൽ ചെളി പുരണ്ടു. ഇതോടെ യദു ബസിനെ പിന്തുടർന്നെത്തി മുന്നിൽ കയറിനിന്ന് പ്രതിഷേധിക്കുകയായിരുന്നു. എന്നാൽ ഇത് അവഗണിച്ച് ഡ്രൈവർ ബസ് മുന്നോട്ടെടുത്തു. തുടർന്ന് പരിസരവാസികൾ ഇടപെട്ടതോടെയാണ് ഡ്രൈവർ ബസ് നിർത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നാണ് വിദ്യാർത്ഥിയുടെ കുടുംബം പറയുന്നത്.