കറുത്ത ബലൂൺ കടിച്ചുപിടിച്ച് പാമ്പിന്റെ മുന്നിൽ പോയി, ഗർഭിണിയായ ഭാര്യയെ അടുത്തുനിർത്തി; ഇതായിരുന്നു പിന്നെ നടന്നത്
ഇന്ത്യയിൽ നിയമവിരുദ്ധമാണെങ്കിലും വിദേശ രാജ്യങ്ങളിലൊക്കെ ജനിക്കാൻ പോകുന്നത് ആൺ കുഞ്ഞാണോ പെൺകുഞ്ഞാണോയെന്ന് അറിയാൻ സാധിക്കും. ഇതറിയുന്ന ദമ്പതികൾ വിവരം തങ്ങളുടെ പ്രിയപ്പെട്ടവരെ അറിയിക്കുകയും ചെയ്യും. അത്തരത്തിലൊരു ജെൻഡർ റിവീൽ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
യുവാവും ഗർഭിണിയായ ഭാര്യയും മേശയ്ക്കരികിൽ നിൽക്കുകയാണ്. മേശയിൽ ഒരു പാമ്പും ഉണ്ട്. യുവാവിന്റെ കൈയിൽ പാമ്പിനെ പിടികൂടുന്ന വടിയും കാണാം. തുടർന്ന് വിർപ്പിച്ചിരിക്കുന്ന കറുത്ത ബലൂൺ കടിച്ചുപിടിച്ചുകൊണ്ട് മുഖം പാമ്പിന്റെയടുത്തേക്ക് താഴ്ത്തി പ്രകോപിപ്പിക്കുകയാണ് യുവാവ്. പ്രകോപനം കൂടിയതോടെ പാമ്പ് ബലൂണിൽ കൊത്തി. ഇതോടെ ബലൂൺ പൊട്ടിപ്പോകുന്നതും, അതിൽ നിന്ന് പിങ്ക് നിറത്തിലുള്ള ചെറിയ കടലാസ് കഷ്ണങ്ങൾ പുറത്തേക്ക് തെറിക്കുന്നതും വീഡിയോയിൽ കാണാം.
'ഇത് നിങ്ങളാരും വീട്ടിൽ പരീക്ഷിച്ചു നോക്കരുത്' എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിലാണ് യുവാവ് വീഡിയോ പങ്കുവച്ചത്. വളരെപ്പെട്ടന്നുതന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. രൂക്ഷവിമർശനമാണ് യുവാവിനെതിരെ ഉയരുന്നത്. 'എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ എന്ത് ചെയ്യും? മരുന്ന് കൈയിലുണ്ടോ അല്ലെങ്കിൽ വീടിന് പുറത്ത് ആംബുലൻസുണ്ടോ. ഈ മുന്നൊരുക്കങ്ങളൊന്നുമില്ലാതെയാണ് ഗർഭിണിയെ അടുത്തുനിർത്തി ഇക്കാര്യം ചെയ്തതെങ്കിൽ നിങ്ങൾ മാതാപിതാക്കളാകാൻ യോഗ്യരല്ല', 'ലൈക്കുകൾക്ക് വേണ്ടി ആ പാവം ജീവിയെ ദ്രോഹിച്ചു. ആ പാമ്പ് നിങ്ങളുടെ മുഖത്ത് കടിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു'- എന്നിങ്ങനെ പോകുന്നു കമന്റുകൾ.