കേരളത്തിൽ മത്സ്യലഭ്യതയിൽ 4% ഇടിവ്; മത്തിയിൽ വർദ്ധന

Wednesday 06 August 2025 12:25 AM IST

കൊച്ചി:സമുദ്രമത്സ്യലഭ്യത മുൻ വർഷത്തെക്കാൾ 2024ൽ കേരളത്തിൽ നാലുശതമാനം കുറഞ്ഞെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) റിപ്പോർട്ട്.ഇന്ത്യയിലാകെ രണ്ടുശതമാനം കുറവാണ് രേഖപ്പെടുത്തിയത്.അതേസമയം,കേരളത്തിൽ ഏറ്റവുമധികം ലഭിച്ചത് മത്തിയാണ്(7.9 ശതമാനം).ഇന്ത്യയൊട്ടാകെ ലഭിച്ചത് 34.7 ലക്ഷം ടൺ മത്സ്യമാണ്.അയലയാണ് കൂടുതൽ ലഭിച്ചത്(2.63 ലക്ഷം ടൺ).മത്സ്യലഭ്യതയിൽ ഗുജറാത്ത് (7.54 ലക്ഷം ടൺ),തമിഴ്‌നാട് (6.79 ലക്ഷം ടൺ) സംസ്ഥാനങ്ങൾ ആദ്യ രണ്ടു സ്ഥാനങ്ങളിലുണ്ട്.കേരളം മൂന്നാമത്(6.10 ലക്ഷം ടൺ)

വർഷാരംഭത്തിൽ കിലോ 400 രൂപ വരെയെത്തിയ മത്തി വില, ലഭ്യത കൂടിയതോടെ സെപ്തംബർ, ഡിസംബർ മാസങ്ങളിൽ 30 ശതമാനം വരെ കുറഞ്ഞു.

2024ൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ മീൻ ലഭ്യത കുറഞ്ഞു. മലപ്പുറം മുതൽ കാസർകോട് വരെ വർദ്ധിച്ചു.

യന്ത്രവത്കൃത യാനങ്ങൾക്ക് ഒരു ട്രിപ്പിൽ ശരാശരി 2,959 കിലോയും ചെറുകിട യാനങ്ങൾക്ക് 174 കിലോയും മത്സ്യം ലഭിച്ചതായി കണ്ടെത്തി. പരമ്പരാഗത വള്ളങ്ങൾ 41 കിലോ മത്സ്യമാണ് ഒരു ട്രിപ്പിൽ പിടിച്ചത്.

സി.എം.എഫ്.ആർ.ഐയിലെ ഫിഷറി റിസോഴ്‌സസ് അസസ്‌മെന്റ്, ഇക്കണോമിക്‌സ് ആൻഡ് എക്സ്റ്റൻഷൻ വിഭാഗമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

മത്സ്യബന്ധനം 2024

അഖിലേന്ത്യാതലം

(മത്സ്യയിനം, ലക്ഷം ടൺ)

അയല 2.63

മത്തി 2.41

പാമ്പാട 2.29

കണവ, കൂന്തൽ, നീരാളി 2.06

ആഴക്കടൽ ചെമ്മീൻ 1.86

കേരളം മത്തി 1.49

അയല 61,490

ചെമ്മീൻ കരിക്കാടി, പൂവാലൻ, നാരൻ, കാരച്ചെമ്മീൻ 44, 630

കൊഴുവ 44, 440

കിളിമീൻ 33,890