പൊളിക്കാൻ പഞ്ചായത്തും പൊളിപ്പിക്കില്ലെന്ന് വ്യാപാരി സംഘടനയും പള്ളിക്കരയിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സ് കെട്ടിടം ത്രിശങ്കുവിൽ
കിഴക്കമ്പലം: പൊളിക്കാൻ പഞ്ചായത്തും എതിർത്ത് വ്യാപാരി സംഘടനയും രംഗത്തെത്തിയതോടെ കുന്നത്തുനാട് പഞ്ചായത്ത് ഓഫീസിനുമുന്നിലെ ഷോപ്പിംഗ് കോംപ്ളക്സ് പൊളിക്കൽ ത്രിശങ്കുവിലായി. അറ്റകുറ്റപ്പണികളുടെ അഭാവത്തിൽ നാശോന്മുഖമായ പള്ളിക്കരയിലെ ഷോപ്പിംഗ് കോംപ്ളക്സിനെ ചൊല്ലി വിവാദങ്ങൾ മുറുകുന്നു. 1984 പണിത കെട്ടിടമാണിത്. കെട്ടിടത്തിന് മുകളിലെ വാട്ടർടാങ്കിന്റെ അശ്രദ്ധമായ ഉപയോഗം ഭിത്തിയും മേൽക്കൂരയുമടക്കം ജീർണാവസ്ഥയിലാകുന്നതിന് ഇടയാക്കി. നിലം പൊത്താൻ കാത്തിരിക്കുന്ന
ഷോപ്പിംഗ് കോംപ്ളക്സിന് ഫിറ്റ്നെസില്ലെന്നും ഉടനടി പൊളിക്കണമെന്നും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. കെട്ടിടത്തിലെ വാടകക്കാരെ ഒഴിപ്പിക്കുന്നതിന് തീരുമാനമെടുത്ത് പത്ത് ദിവസത്തിനകം ഒഴിവായി നൽകാൻ ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി കത്തുനൽകി. എന്നാൽ കെട്ടിടം ഒഴിയുന്നതിനുള്ള സമയപരിധി നീട്ടിനൽകണമെന്ന് വ്യാപാരികൾ നിലപാടെടുത്തു. ഇതോടെ പഞ്ചായത്ത് നൽകിയ ഒഴിപ്പിക്കൽ നോട്ടീസിന് ഹൈക്കോടതിയിൽനിന്ന് സ്റ്റേവാങ്ങി. ഇതോടെ കെട്ടിടം പൊളിക്കൽ അനിശ്ചിതമായി നീണ്ടു. പഞ്ചായത്തിലെത്തുന്നവരും വഴി, വാഹനയാത്രക്കാരടക്കം നൂറുകണക്കിന് ആളുകൾ ദിനംപ്രതി വന്നു പോകുന്നിടത്താണ് അപകടഭീതിയുണർത്തി കെട്ടിടം നിലകൊള്ളുന്നതെന്നും കെട്ടിടം പൊളിക്കേണ്ടത് അനിവാര്യമാണെന്നും പഞ്ചായത്ത് കോടതിയെ അറിയിച്ചു. സർക്കാർ കെട്ടിടമാണിതെന്നും പൊളിക്കണമെങ്കിൽ എക്സിക്യുട്ടീവ് എൻജിനിയറുടെ പരിശോധന വേണമെന്ന വ്യാപാരികളുടെ വാദം അംഗീകരിച്ച കോടതി പരിശോധിച്ച് അന്തിമറിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി. ഇതോടെ വാദവും മറുവാദവുമായി കേസ് അനന്തമായി നീളുകയാണ്.
* വ്യാപാരികളുടെ ആവശ്യം
കെട്ടിടം പൊളിക്കുന്നതിനുമുമ്പ് ഇവിടെയുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് സുരക്ഷിതമായ സ്ഥലം നൽകണമെന്ന നിലപാടിലാണ് വ്യാപാരി സംഘടന. കെട്ടിടം പണി പൂർത്തിയായാൽ ഇവരെ തിരികെ പുനരധിവസിപ്പിക്കുകയും വേണം.
ഇക്കാര്യത്തിൽ ഒരുറപ്പും നൽകാൻ തയ്യാറല്ലെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട്. ഇതോടെ കെട്ടിടം നിലംപൊത്താതെ പൊളിക്കൽ നടക്കില്ലെന്ന് ഉറപ്പായി.
കഴിഞ്ഞ മഴക്കാലത്ത് കെട്ടിടത്തിന്റെ ഭാഗങ്ങൾ താഴേക്ക് അടർന്നുവീഴുകയും കെട്ടിടത്തിന്റെ സമീപത്ത് പാർക്ക് ചെയ്തിട്ടുണ്ടായിരുന്ന വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുമുണ്ട്.
വർഷങ്ങളായി വ്യാപാരസ്ഥാപനം നടത്തി വരുന്നവരെ പെട്ടെന്ന് ഒഴിപ്പിക്കാൻ തീരുമാനമെടുത്തതിനെതിരെയാണ് കോടതിയെ സമീപിച്ചത്. ചർച്ചകൾക്ക് സംഘടന തയ്യാറാണ്. പിടിവാശി ഉപേക്ഷിച്ച് വ്യാപാരികൾക്ക് മാന്യമായ പരിഗണന നൽകണം
സി.ജി. ബാബു,
പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപനസമിതി പള്ളിക്കര