പാലായിലെ രണ്ട് യുവതികളുടെ ജീവനെടുത്ത വാഹനാപകടം: ഡ്രൈവറായ യുവാവ് അറസ്റ്റിൽ

Tuesday 05 August 2025 7:22 PM IST

കോട്ടയം:പാലായിൽ അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് രണ്ട് യുവതികൾ മരിച്ച സംഭവത്തിൽ വാഹനം ഓടിച്ചയാളെ പാലാ പൊലീസ് അറസ്റ്റ് ചെയ്‌തു. ചെറുവിള വീട്ടിൽ ചന്ദൂസ് (24) ആണ് അറസ്റ്റിലായത്. യുവാവിനെതിരേ മനഃപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ ഒമ്പതരയോടെ മുണ്ടാങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം നടന്നത്.

അമിതവേഗത്തിലെത്തിയ കാർ ഇരുസ്‌കൂട്ടറുകളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ശേഷം അടുത്തുള്ള മതിലിൽ ഇടിച്ചാണ് കാർ നിന്നത്. പാലാ പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ ഭാര്യ ജോമോൾ (35),മേലുകാവ് നല്ലംകുഴിയിൽ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണ് അപകടത്തിൽ മരിച്ചത്. തൊടുപുഴ ഭാഗത്ത് നിന്നും പാലായിലേക്ക് പോകുകയായിരുന്നു അപകടത്തിൽ പെട്ടവർ. ജോമോളുടെ മകൾ അന്നമോൾക്ക് (12)​ ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പാലായിലെ സ്വകാര്യ ബിഎഡ് കോളേജിലെ നാല് വിദ്യാർത്ഥികളായിരുന്നു കാറിലെ യാത്രക്കാർ. ഇവർ ബിഎഡ് പരിശീലനത്തിനായി രാമപുരം ഭാഗത്തേക്ക് വരികയായിരുന്നു ഇതിനിടെയാണ് അപകടമുണ്ടായത്.