മഴ കനത്തു: നാളെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: മഴ കനത്തതിനെത്തുടർന്ന് വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസർകോട്, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് നാളെ അവധി നൽകിയത്. കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓഗസ്റ്റ് ആറിന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജനസുരക്ഷയെ മുൻനിർത്തി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.
ജില്ലയിലെ സ്‌കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുമ്പ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല.
സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് തൃശൂർ ജില്ലാ കളക്‌ടറും അറിയിച്ചു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് നാളെ പ്രഖ്യാപിച്ചതിനാൽ സ്‌കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ (സ്‌പെഷ്യൽ ക്ലാസുകൾ ഉൾപ്പടെ) എന്നിവയ്‌ക്ക് അവധിയായിരിക്കുമെന്ന് കണ്ണൂർ ജില്ലാ കളക്‌ടറും അറിയിച്ചു. അതിതീവ്ര മഴ തുടരുന്ന സംസ്ഥാനത്ത് ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിരുന്നത്. കൊച്ചിയിലും തൃശൂർ നഗരത്തിലുമടക്കം വെള്ളക്കെട്ടുണ്ടായി ജനജീവിതത്തെ ബാധിച്ചിരുന്നു.