സ്ത്രീസൗഹൃദ ടൂറിസം പദ്ധതിയിൽ   സംരംഭത്തിന് വായ്പ പലിശ 4 ശതമാനം

Wednesday 06 August 2025 12:09 AM IST

ഉത്തരവാദിത്ത ടൂറിസവും വനിതാ വികസന കോർപ്പറേഷനും കൈകോർക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം വകുപ്പ് നടപ്പാക്കുന്ന സ്ത്രീസൗഹൃദ ടൂറിസം പദ്ധതിയിൽ സംരംഭക പ്രോത്സാഹനത്തിനായി പ്രത്യേക സബ്‌സിഡി വായ്പാപദ്ധതി ആവിഷ്‌കരിക്കാൻ തീരുമാനം. സംസ്ഥാന വനിതാ വികസന കോർപ്പറേഷനും ഉത്തരവാദിത്ത ടൂറിസം മിഷനും ചേർന്നാണ് പദ്ധതി നടപ്പാക്കുക. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും ആരോഗ്യവനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജിന്റെയും സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പദ്ധതി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ആർ.ടി മിഷൻ സൊസൈറ്റി സി.ഇ.ഒ കെ.രൂപേഷ് കുമാറിനെയും വനിതാ വികസന കോർപ്പറേഷൻ എം.ഡി ബിന്ദു.വി.സിയെയും ചുമതലപ്പെടുത്തി. മന്ത്രിമാർക്ക് പുറമെ അഡീഷണൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ, ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ,ടൂറിസം വകുപ്പിലെയും ധനകാര്യ വകുപ്പിലെയും വനിതാ വികസന കോർപറേഷനിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

രജിസ്റ്റർ ചെയ്തത് 18,​000 പേർ

സ്ത്രീസൗഹൃദ വിനോദ സഞ്ചാര പദ്ധതിയിൽ 18,000ത്തോളം പേർ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. 24 വ്യത്യസ്ത വിഭാഗങ്ങളിലാണ് സംരംഭങ്ങൾ തുടങ്ങാൻ താത്പര്യമറിയിച്ചിരിക്കുന്നത്. ഇവർക്ക് വനിതാ വികസന കോർപ്പറേഷൻ നിശ്ചയിക്കുന്ന നിബന്ധനകൾക്ക് വിധേയമായി വായ്പ ഉറപ്പാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതിക്കായി മാറ്റി വച്ചത് 4 കോടി രൂപ

ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ത്രീ സൗഹൃദ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന സംരംഭങ്ങൾക്ക് വായ്പ നൽകുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്

പി.എ.മുഹമ്മദ് റിയാസ്

മന്ത്രി

പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ വനിതാ വികസന കോർപ്പറേഷൻ വേഗത്തിൽ പൂർത്തിയാക്കും. വനിതാ സംരംഭ മേഖലയിലെ മാതൃകയായി ടൂറിസവുമായുള്ള സഹകരണം മാറും

വീണാ ജോർജ്ജ്

മന്ത്രി