കെട്ടുറപ്പുള്ള ദാമ്പത്യബന്ധം നല്ല സമൂഹത്തിന്റെ അടിത്തറ : വെള്ളാപ്പള്ളി

Wednesday 06 August 2025 12:08 AM IST

വൈക്കം : കെട്ടുറപ്പുള്ള ദാമ്പത്യ ബന്ധങ്ങളാണ് നല്ലൊരു സമൂഹത്തിന്റെ അടിത്തറയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേരളകൗമുദി കോട്ടയം യൂണിറ്റ് സംഘടിപ്പിച്ച ദമ്പതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. ആ ഇമ്പമാണ് പൊതുസമൂഹത്തിനും ഇമ്പം പകരേണ്ടത്. ഭർത്താവിന് ഭാര്യയും ഭാര്യയ്ക്ക് ഭർത്താവും കരുതലാകണം. പരസ്പര വിശ്വാസവും സ്നേഹവും , പരസ്പരം നൽകുന്ന പിന്തുണയുമാണ് ജീവിത വിജയത്തിലേക്ക് നയിക്കുക.എല്ലാ വിജയങ്ങളിലേക്കും തന്നെ നയിച്ചത് ദൃഢമായ ദാമ്പത്യബന്ധമാണ്. നല്ലതിനെ പിന്തുണയ്ക്കാനും ചീത്തയെ അരുതെന്ന് പറയാനും എന്നും ഭാര്യ ഒപ്പമുണ്ട്. സ്ത്രീയുടെ ആ കരുതലാണ് യഥാർത്ഥ സ്ത്രീധനം. പരസ്പരം ബഹുമാനിക്കണം, വിശ്വാസത്തിലെടുക്കണം, സ്നേഹിക്കണം, ആ ജീവിതയാത്രയിൽ അലോസരമുണ്ടാക്കാൻ ഒന്നിനുമാവില്ല. തന്റെ 57 വർഷത്തെ ദാമ്പത്യജീവിതം തന്ന പാഠമാണത്. ശിഥിലമാകുന്ന ദാമ്പത്യങ്ങളുടെ കഥകളാണ് നമുക്കിന്ന് കേൾക്കാനാവുക. അവിടെയാണ് ഇതു പോലുള്ള ഒത്തുചേരലുകൾ അനിവാര്യമാകുന്നത്. ദമ്പതി സംഗമം സംഘടിപ്പിച്ചതിന് കേരളകൗമുദിയെ അഭിനന്ദിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് അദ്ധ്യക്ഷനായിരുന്നു. വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, പിന്നണി ഗായകൻ വി.ദേവാനന്ദ് എന്നിവർ പ്രസംഗിച്ചു. വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ്, സെക്രട്ടറി എം.പി.സെൻ എന്നിവർ സന്നിഹിതരായിരുന്നു. കേരളകൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ സ്വാഗതവും, പ്രത്യേക ലേഖകൻ വി.ജയകുമാർ നന്ദിയും പറഞ്ഞു. സംഗമത്തിനെത്തിയ ദമ്പതിമാർക്ക് യോഗം ജനറൽ സെക്രട്ടറി ഉപഹാരം നൽകി. തുടർന്ന് സ്നേഹ വിരുന്നും നടന്നു.