തിയേറ്റർ ലൈസൻസ്: സെസ് കുടിശിക വ്യവസ്ഥ ശരിവച്ച് ഹൈക്കോടതി
കൊച്ചി: സിനിമാ തിയേറ്റർ ലൈസൻസ് പുതുക്കാൻ കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ കുടിശികയില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്നു ഹൈക്കോടതി. ക്ഷേമനിധി ബോർഡ് നൽകിയിട്ടുള്ള 'നോ ഡ്യൂസ് സർട്ടിഫിക്കറ്റ്' ഹാജരാക്കാൻ ലൈസൻസിംഗ് അധികാരികൾ ആവശ്യപ്പെട്ടതിനെതിരെ ഒരുകൂട്ടം തിയേറ്റർ ഉടമകൾ നൽകിയ ഹർജികൾ തള്ളിയാണു ജസ്റ്റിസ് എസ്. മനുവിന്റെ ഉത്തരവ്. കാണികളിൽ നിന്നു പിരിക്കുന്ന സെസ് ക്ഷേമനിധി ബോർഡിൽ അടയ്‌ക്കാതിരിക്കാനുള്ള ശ്രമമാണു തിയേറ്റർ ഉടമകൾ നടത്തുന്നതെന്ന് ബോർഡിന്റെ അഭിഭാഷകൻ വാദിച്ചു. വിനോദ നികുതിയും സെസ്സും അടയ്‌ക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ വ്യവസ്ഥയുടെ ലക്ഷ്യമെന്നു കോടതി വിലയിരുത്തി. സെസ് സമയബന്ധിതമായി അടച്ചില്ലെങ്കിൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരിൽ നിന്ന് നിന്ന് പിഴ ഈടാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. അതിനാൽ സെസ് കുടിശിക അടയ്‌ക്കേണ്ട ഉത്തരവാദിത്വം തിയേറ്റർ ഉടമയ്‌ക്കുണ്ടെന്നും കോടതി വ്യക്തമാക്കി.