സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ

Wednesday 06 August 2025 12:00 AM IST

മലപ്പുറം: സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി ഏഴ് മുതൽ 11 വരെ തൃശൂരിൽ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഘാടക സമിതി രൂപീകരണം 12ന് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ചേരും.സ്‌കൂൾതല മത്സരങ്ങൾ സെപ്തംബറിലും സബ്‌ ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ടാം വാരത്തിനുള്ളിലും ജില്ലാതല മത്സരങ്ങൾ നവംബർ ആദ്യവാരവും പൂർത്തിയാക്കും.

സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 22 മുതൽ 27 വരെ ഒളിമ്പിക്സ് മാതൃകയിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ജില്ലാതല മത്സരങ്ങൾ ആഗസ്റ്റ് മുതൽ സെപ്തംബർ വരെ നടക്കും. ഗൾഫിൽ കേരള സിലബസ് പഠിക്കുന്ന കായിക പ്രതിഭകളെ കൂടി കായികമേളയിൽ പങ്കെടുപ്പിക്കും. സംസ്ഥാന ടി.ടി.ഐ./പി.പി.ടി.ടി.ഐ കലോത്സവം സെപ്തംബർ 12ന് വയനാട്ടിൽ നടക്കും. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം നവംബർ 6 മുതൽ 8 വരെ മലപ്പുറത്ത് നടക്കുമെന്നും മന്ത്രി അറിയിച്ചു.