43,000 കുടുംബങ്ങൾക്ക് കൂടി മുൻഗണനാ റേഷൻ കാർഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് 43,000 കുടുംബങ്ങൾക്കു കൂടി മുൻഗണനാ റേഷൻ കാർഡ് ലഭിക്കും.ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം, ഏറ്റവും അർഹരായവരെ കണ്ടെത്തുകയും അനർഹരെ ഒഴിവാക്കുകയും ചെയ്തപ്പോഴാണിത്..
പുതിയതായി മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടവർക്കു റേഷൻ കാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് പ്രസ്സ് ക്ലബ് ഹാളിൽ മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും..ഓണത്തോടനുബന്ധിച്ച് പ്രത്യേക ഭക്ഷ്യവിതരണ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
ആഗസ്റ്റിൽ കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ ഓണം സ്‌പെഷ്യൽ അരി വിതരണം ചെയ്യും. പിങ്ക് കാർഡിന് നിലവിലുള്ള വിഹിതത്തിനു പുറമെ 5 കിലോഗ്രാം അരിയും നീല കാർഡ് വിഭാഗത്തിന് നിലവിലുള്ള വിഹിതത്തിന് പുറമെ 10 കിലോഗ്രാം അരിയും ലഭിക്കും. വെള്ള കാർഡ് വിഭാഗത്തിന് ആകെ 15 കിലോഗ്രാം അരി ലഭ്യമാകും. മഞ്ഞ കാർഡിന് സൗജന്യ ഭക്ഷ്യക്കിറ്റുകളും ഒരു കിലോഗ്രാം പഞ്ചസാരയും നൽകും. എല്ലാ റേഷൻ കാർഡുകാർക്കും മണ്ണെണ്ണ വിതരണം ചെയ്യുമെന്നും ഭക്ഷ്യ വകുപ്പ് അറിയിച്ചു.