കുറ്റം സമ്മതിക്കാതെ സെബാസ്റ്റ്യൻ, വട്ടം ചുറ്റി അന്വേഷണ സംഘം

Wednesday 06 August 2025 12:24 AM IST

ആലപ്പുഴ/ ചേർത്തല : പള്ളിപ്പുറത്തെ കുടുംബസ്വത്തായ ഭൂമിയിൽ വല്ലപ്പോഴുമാണ് പോകാറുള്ളതെന്നും പറമ്പിൽ കയറി മറ്റാരോ മൃതദേഹം മറവുചെയ്തതായിരിക്കുംഎന്നുളള സ്വദേശി സി.എം.സെബാസ്റ്റ്യന്റെ (68) മൊഴിയിൽ കറങ്ങി അന്വേഷണ സംഘം. ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ കേസിൽ പിടിയിലായ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് സ്ത്രീകളുടെ തിരോധാനത്തിൽ തനിക്ക് പങ്കില്ലെന്ന പ്രതിയുടെ പ്രതികരണം.പറമ്പിൽ നിന്ന് ലഭിച്ച അസ്ഥികൾ ആരുടേതാണെന്ന് വ്യക്തമാകാൻ ഡി.എൻ.എ ഫലം ലഭിക്കണം.

കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി, രണ്ട് സി.ഐ മാർ എന്നിവരാണ് ചോദ്യം ചെയ്തത്. സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ബിന്ദു പത്മനാഭൻ, ഐഷ എന്നീ സ്ത്രീകളെ കാണാതായ കേസുകളും അന്വേഷിക്കുന്നുണ്ട്. തുറസ്സായ പ്രദേശത്താണ് പള്ളിപ്പുറത്തെ വീട് എന്നതിനാൽ കൊലപാതകം നടന്നിരിക്കാനുള്ള സാദ്ധ്യത പൊലീസ് തളളിക്കളയുന്നില്ല.സെബാസ്റ്റ്യന്റെ സാമ്പത്തിക ഇടപാടുകളിലും ദുരൂഹതയുണ്ട്.

ഉറ്റസുഹൃത്തിന്റെ മരണത്തിലും ദുരൂഹത

ചേർത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദുപത്മനാഭനെ (52) 2006ലാണ് കാണാതായത്. ഈ കേസിൽ അന്വേഷണം നിലച്ചത് സെബാസ്റ്റ്യന്റെ കൂട്ടുകാരൻ ഓട്ടോ ഡ്രൈവർ മനോജിന്റെ മരണത്തോടെയാണ്. 2018 ജൂൺ 27ന് മനോജ് ഉൾപ്പടെ നാലുപേരെ ആലപ്പുഴ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.നസീമിന്റെ ഓഫീസിൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ചെങ്കിലും മൊഴിയെടുത്തില്ല. പിറ്റേന്ന് രാവിലെ ഇയാളെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.

ഇരകളെ കണ്ടെത്തുന്നതിൽ വൈദഗ്ദ്ധ്യം

സെബാസ്റ്റ്യനുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് മുന്നിൽ ആദ്യമെത്തിയ കേസ് ബിന്ദുപത്മനാഭന്റേതാണ്. കുടുംബവുമായി അധികം അടുപ്പംപുലർത്താത്ത സ്ത്രീകളെ വശീകരിച്ച് ചൂഷണംചെയ്യുന്നതാണ് രീതി . ബിന്ദുവിന്റെ സ്വത്ത് വ്യാജരേഖ ചമച്ച് തട്ടിയെടുത്ത കേസിലും ഇയാൾ പ്രതിയാണ്. സെബാസ്റ്റ്യന്റെ വിശ്വസ്തയായിരുന്ന ചേർത്തല സ്വദേശി റോസമ്മയാണ് 2012ൽ കാണാതായ ഐഷയെ (ഹയറുമ്മ - 62) സ്ഥലമിടപാടിനായി സെബാസ്റ്ര്യനുമായി ബന്ധപ്പെടുത്തിയതെന്നാണ് വിവരം. ഐഷയും റോസമ്മയും അയൽവാസികളാണ്. ഒറ്റയ്ക്ക് താമസിക്കുന്ന റോസമ്മയുടെ വീട്ടിൽ 2018 മേയ് വരെ നിത്യസന്ദർശകനായിരുന്നു സെബാസ്റ്റ്യൻ. ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മയുമായി (54) സെബാസ്റ്റ്യന് ദീർഘകാല പരിചയമുണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്.