ഹോസ്ദുര്‍ഗ് മുന്‍ എംഎല്‍എ എം നാരായണന്‍ അന്തരിച്ചു, അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍
നീലേശ്വരം:മുന്‍ ഹോസ്ദുര്‍ഗ് എം.എല്‍.എയും സി.പി.ഐ നേതാവുമായ എം.നാരായണന്‍ (73) അന്തരിച്ചു.അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 1991 മുതല്‍ 2001 വരെ സംവരണ മണ്ഡലമായ ഹോസ്ദുര്‍ഗിനെ പ്രതിനിധീകരിച്ചു.
18 വര്‍ഷം പോസ്റ്റുമാനായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ജോലി രാജി വച്ചാണ് 1991ല്‍ മത്സരത്തിനിറങ്ങിയത്. ബേഡകം ഡിവിഷനില്‍ ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി,ജില്ലാ കൗണ്‍സില്‍ അംഗം, കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇളയ സഹോദരന്‍ എം.കുമാരനാണ് എം.നാരായണന് ശേഷം ഒരു തവണ ഹോസ്ദുര്‍ഗ് മണ്ഡലത്തെ പ്രതിനിധികരിച്ചത്.
പരേതരായ മാവുവളപ്പില്‍ ചന്തന്റെയും വെള്ളച്ചിയുടേയും മകനാണ്. ഭാര്യ: കെ.എം.സരോജിനി (റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരി) മക്കള്‍: എന്‍ ഷീന (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, കാസര്‍കോട് നഗരസഭ), ഷിംജിത്ത് ( ഫോക്ലോര്‍ പരിശീലകന്‍, നാടന്‍പാട്ട് തെയ്യം കലാകാരന്‍), ഷീബ. മരുമക്കള്‍: സുരേഷ്, രജനി (കയ്യൂര്‍, പാലോത്ത്), ഗോപാലന്‍.
എം.നാരായണന്റെ നിര്യാണത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ദേശീയ സമിതിയംഗം പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.