മെസി വന്നില്ലെങ്കിൽ നിയമ നടപടിയെന്ന് സ്പോൺസർ

Tuesday 05 August 2025 11:52 PM IST

കൊച്ചി: ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയടങ്ങുന്ന അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കാൻ ഇതുവരെ മുടക്കിയത് 130 കോടി രൂപയാണെന്നും പണം വാങ്ങിയിട്ടും ടീം വരാതിരുന്നാൽ ചതിയാണെന്നും മുഖ്യ സ്‌പോൺസറായ റിപ്പോർട്ടർ ടി.വി ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ എം.ഡി ആന്റോ അഗസ്റ്റിൻ പറഞ്ഞു. അർജന്റീന ടീം വരില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കരാറുണ്ടായിട്ടും വരാതിരുന്നാൽ നിയമനടപടിയെടുക്കുമെന്നും വാർത്താസമ്മേളനത്തിൽ ആന്റോ അഗസ്റ്റിൻ വ്യക്തമാക്കി.

മെസിയുൾപ്പെടുന്ന അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാൻ അർജന്റീന ഫുട്‌ബാൾ അസോസിയേഷൻ (എ.എഫ്.എ) പ്രസിഡന്റും സെക്രട്ടറിയുമായാണ് തങ്ങൾ കരാർ ഉണ്ടാക്കിയത്. കഴിഞ്ഞ ജൂൺ ആറിന് എ.എഫ്.എയ്‌ക്ക് 130 കോടി നൽകി. 12ന് പണം ലഭിച്ചതായി ഇമെയിൽ ലഭിച്ചു. ഈ വർഷം ഒക്ടോബറിൽ കേരളത്തിൽ എത്താമെന്നായിരുന്നു ധാരണ. ഇപ്പോൾ, അടുത്ത വർഷം സെപ്തംബറിൽ കളിക്കാൻ എത്തുന്ന തരത്തിൽ കരാർ മാറ്റാമോയെന്ന് ചോദിച്ചിട്ടുണ്ട്. അതിനോട് യോജിപ്പില്ല. മെസിയും സംഘവും വരികയാണെങ്കിൽ ഈ വർഷം തന്നെ വരണം.

ഒക്ടോബർ, നവംബർ മാസത്തിൽ വരാൻ കഴിയില്ലെന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ല. അർജന്റീന ടീം ഡിസംബറിൽ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. മെസി കേരളത്തിൽ വരുന്നില്ലെങ്കിൽ ഇന്ത്യയിൽ എവിടെയും വരില്ല. ഒക്ടോബറിൽ വരുമോ എന്നറിയിക്കാൻ രണ്ടാഴ്ച കൂടി കാത്തിരിക്കും. അതിന് ശേഷം നിയമ നടപടികളിലേക്ക് കടക്കുമെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു.