മോഹൻലാലും ഷാജി കൈലാസും വീണ്ടുമൊന്നിക്കുന്നു, കെ.സി.എല്ലിനായി
തിരുവനന്തപുരം : സൂപ്പർ താരം മോഹൻ ലാലും സംവിധായകൻ ഷാജി കൈലാസും വീണ്ടുമൊന്നിക്കുന്നു. പക്ഷേ ഇത് സിനിമയ്ക്ക് വേണ്ടിയല്ല ഒരു പരസ്യത്തിന് വേണ്ടിയാണ്. ഈ മാസം തിരുവനന്തപുരത്ത് തുടങ്ങുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന്റെ പരസ്യത്തിൽ മോഹൻലാൽ,ഷാജി കൈലാസ് എന്നിവർക്കൊപ്പം സിനിമാ നിർമ്മാതാവ് സുരേഷ് കുമാറും അഭിനയിക്കന്നുണ്ട്. പ്രശസ്ത പരസ്യസംവിധായകൻ ഗോപ്സ് ബെഞ്ച്മാർക് ആണ് പരസ്യ ചിത്രം ഒരുക്കിയിരിക്കുന്നത്. ആറാം തമ്പുരാൻ ഉൾപ്പടെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഷാജി കൈലാസ്. സുരേഷ് കുമാറിന്റെ രേവതി കലാമന്ദിറാണ് ആറാം തമ്പുരാൻ നിർമ്മിച്ചത്. കെ.സി.എൽ ആദ്യ സീസൺ മുതൽ ബ്രാൻഡ് അംബാസഡറായി മോഹൻലാലുണ്ട്. സുരേഷ് കുമാറിന്റെ മകളും സിനിമാതാരവുമായ കീർത്തി സുരേഷ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ വനിതാ ക്രിക്കറ്റ് അംബാസഡറാണ്. ട്രിവാൻഡ്രം റോയൽസ് ടീമിന്റെ ഉടമകളിലൊരാളുമാണ് കീർത്തി.
തിരുവനന്തപുരം ഹോട്ടൽ ഹയാത്തിൽ നാളെ രാത്രി ഏഴ് മണിക്ക് നടക്കുന്ന ചടങ്ങിൽ പരസ്യചിത്രം പുറത്തിറക്കും. നേരത്തെ, രണ്ടാം സീസണിന്റെ ഗ്രാൻഡ് ലോഞ്ചിനോടനുബന്ധിച്ച് പരസ്യ ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻസ് വീഡിയോയ്ക്ക് പുറത്തിറക്കിയിരുന്നു. ഇതിന് വൻ വരവേൽപ്പാണ് ലഭിച്ചത്.