പുഷ്പവതി പ്രസംഗം തടസപ്പെടുത്തിയത് മര്യാദകേട്: ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം: സിനിമാ കോൺക്ലേവ് സമാപന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ചും സംഗീത നാടക അക്കാഡമി വൈസ് ചെയർപേഴ്സണും ഗായികയുമായ പുഷ്പവതിയെ വിമർശിച്ചും സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി.
ദാദാ സാഹിബ് ഫാൽക്കേ അവാർഡ് കിട്ടിയയാളാണ് അടൂർ ഗോപാലകൃഷ്ണൻ. ലോകത്ത് ജീവിച്ചിരിക്കുന്ന ചലച്ചിത്രകാരന്മാരിൽ മുൻപിൽ നിൽക്കുന്നയാൾ. അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ, അവർ ആരായാലും ആ പ്രസംഗം തടസപ്പെടുത്തി സംസാരിച്ചത് തെറ്റാണ്. മര്യാദകേടാണത്. സിനിമ പഠിപ്പിക്കണമെന്ന് പറയുന്നത് തെറ്റാണോ എന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തരോടു ചോദിച്ചു.പുഷ്പവതി ലോകോത്തര ഭാവനാശാലി ആയിരിക്കാം. അടൂരിനെപ്പോലൊരാൾ സംസാരിക്കുമ്പോൾ ഇടയിൽ കയറി സംസാരിച്ചത് അവരുടെ അറിവില്ലായ്മയാണ്. അടൂരിന്റെ പ്രസംഗം കഴിഞ്ഞിട്ട് അവർക്ക് സംസാരിക്കാമായിരുന്നു. ആളാകാൻ വേണ്ടി ചെയ്ത വേലയാണത്. റെയിൽവേ സ്റ്റേഷനിൽവെച്ച് ഫോട്ടോയെടുക്കാനായി അവർ വന്ന പരിചയം മാത്രമാണ് എനിക്ക് പുഷ്പവതിയുമായുള്ളത്. ഇവരുടെ പാട്ടൊന്നും ഞാൻ കേട്ടിട്ടില്ല. മാദ്ധ്യമങ്ങൾ ഏകപക്ഷീയമായി സംസാരിക്കുകയാണ്.
സർക്കാർ സഹായത്തോടെ നിർമ്മിച്ച നാലുപടങ്ങൾ കണ്ടിട്ടുണ്ട്. ഒരു ചിത്രത്തിനും ഒന്നരക്കോടി മുടക്കിയതായി തോന്നിയിട്ടില്ല. പണം മോഷ്ടിച്ചെന്നോ തിരിമറി നടത്തിയെന്നോ അല്ല പറയുന്നത്. 26 ഫീച്ചർ പിലിമുകളും 47 ഡോക്യുമെന്ററികളും നിർമ്മിച്ചയാൾ എന്ന അനുഭവത്തിലാണിത് പറയുന്നത്. ഒരു സിനിമ കണ്ടാൽ എത്ര മുടക്കിയിട്ടുണ്ടെന്ന് എനിക്ക് അറിയാം. 60 വർഷമായി ഞാൻ സിനിമയിൽ. ഒന്നരക്കോടി മുടക്കി എന്ന് തോന്നാത്തത് അവരുടെ പരിചയക്കുറവുകൊണ്ടാണ്. സെക്സ് സീനുകൾ കാണാൻ ഒരുപാടുപേർ ചലച്ചിത്ര മേളകളിൽ വരുന്നുണ്ടെന്നത് സത്യമാണെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
പരാമർശം പിൻവലിക്കണം: കരിവെള്ളൂർ മുരളി
സിനിമാ കോൺക്ലേവ് വേദിയിൽ ഗായിക പി.ആർ.പുഷ്പാവതിക്ക് നേരെഅടൂർഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവനയിൽ സംഗീത നാടക അക്കാഡമി ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് സെക്രട്ടറി കരിവെള്ളൂർ മുരളി.ഒരു കലാകാരനിൽ നിന്നും ആരും പ്രതീക്ഷിക്കാത്ത ആ പരാമർശങ്ങൾ അടൂർ പിൻവലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.