ഗാന്ധി കൂളിംഗ് ഗ്ളാസ് വച്ചത് അധാർമ്മികം, കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: ക്രിസ്‌മസ് ആഘോഷത്തിനിടെ കലാലയത്തിലെ ഗാന്ധി പ്രതിമയ്ക്ക് വിദ്യാർത്ഥികൾ കൂളിംഗ് ഗ്ലാസ് വച്ചത് അധാർമ്മികമാണെങ്കിലും ശിക്ഷിക്കാനാകില്ലെന്ന് ഹൈക്കോടതി. 1971ലെ ദേശീയ ബഹുമതികളെ അധിക്ഷേപിക്കുന്നത് തടയുന്ന നിയമത്തിൽ ഇക്കാര്യത്തിൽ ശിക്ഷിക്കാൻ വകുപ്പില്ലെന്ന് വിലയിരുത്തി ജസ്റ്റിസ് വി.ജി. അരുൺ കേസ് റദ്ദാക്കി.
2023 ഡിസംബർ 21ന് ചൂണ്ടി ഭാരത് മാതാ സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ ക്രിസ്മസ് ആഘോഷത്തിനിടെയായിരുന്നു സംഭവം. പരാതിയെ തുടർന്നാണ് കലാപത്തിന് ശ്രമിച്ചെന്നതടക്കമുള്ള വകുപ്പുകൾ ചുമത്തി എടത്തല പൊലീസ് കേസെടുത്തത്.
ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യവും അവകാശവും മൗലികമായ ചില ചുമതലകളാൽ നിയന്ത്രിതമാണെന്ന് വിദ്യാർത്ഥി ഓർക്കണമായിരുന്നെന്ന് കോടതി പറഞ്ഞു. ആവേശത്തിൽ ചെയ്തതാണെന്നായിരുന്നു വിദ്യാർത്ഥിയുടെ വാദം. പ്രായം കണക്കിലെടുത്ത് ദാക്ഷിണ്യം ഉണ്ടാകണമെന്നും അപേക്ഷിച്ചു. ഇന്ത്യക്കാർ ആത്മാഭിമാനമുള്ളവരായി മാറിയത് മഹാത്മാഗാന്ധിയെ പോലുള്ള ദേശീയ നേതാക്കളുടെ സഹന സമരം കൊണ്ടാണെന്ന് കോടതി ഓർമ്മിപ്പിച്ചു.