50 അടി താഴ്ചയുള്ള വെള്ളക്കെട്ടിൽ മുങ്ങിയ ലോറി വീണ്ടെടുത്തു

Wednesday 06 August 2025 12:19 AM IST
വെള്ളക്കെട്ടിൽ മുങ്ങിയ ടിപ്പർ ലോറി ഫയർഫോഴ്സ് സ്കൂബ ടീം ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയപ്പോൾ

കൊല്ലം: അൻപതടി താഴ്ചയുള്ള പായലും ചെളിയും നിറഞ്ഞ വെള്ളക്കെട്ടിൽ മുങ്ങിയ ടിപ്പർ ലോറി ഫയർഫോഴ്സ് സ്കൂബ ടീം കരയിൽ കയറ്റി. നെടുമ്പന മുട്ടയ്ക്കാവിൽ ഇന്നലെ രാവിലെ 11 ഓടെയായിരുന്നു അപകടം. വർഷങ്ങൾക്ക് മുമ്പ് നെടുമ്പനയിലെ ക്ലേ ഫാക്ടറിക്കായി ചെളിയെടുത്ത് രൂപപ്പെട്ടതാണ് കുഴി. ഇതിനടുത്ത് സിമന്റ് കട്ട നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് എം സാൻഡുമായെത്തിയ ടിപ്പർ ലോറി ലോഡ് ഇറക്കിയ ശേഷം പിന്നോട്ടെടുക്കുന്നതിനിടയിൽ കുഴിയിൽ വീഴുകയായിരുന്നു. ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.

പായലും മാലിന്യവും നിറഞ്ഞുകിടന്നതിനാൽ ലോറി കാണാൻ കഴിയാത്ത നിലയിലായിരുന്നു. ഫയർഫോഴ്സ് സ്കൂബാ ടീമാണ് ലോറി കണ്ടെത്തിയത്. ചേസിൽ ചങ്ങല ഘടിപ്പിച്ച് ക്രെയിൻ ഉപയോഗിച്ച് മൂന്ന് മണിക്കൂറോളമെടുത്താണ് ലോറി കരയിൽ കയറ്റിയത്. കൊല്ലം, കുണ്ടറ ഫയർ സ്റ്റേഷനുകളിലെ സ്കൂബാ ടീം അംഗങ്ങളായ വിജേഷ്, ശരത്ത്, ഷെഹീർ, സുരേഷ്, ജുബിൻ, രതീഷ്, ഷാബു എന്നിവരുടെ നേതൃത്വത്തിലാണ് കരയ്ക്കെത്തിച്ചത്.