ആർ.ബാലകൃഷ്ണപിള്ളയുടെ വിൽപ്പത്ര കേസ്: മദ്ധ്യസ്ഥ ചർച്ചയ്ക്ക് വിട്ട് കോടതി
കൊല്ലം: മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ളയുടെ സ്വത്തുമായി ബന്ധപ്പെട്ട വിൽപ്പത്ര കേസിൽ മദ്ധ്യസ്ഥ ചർച്ച നടത്താൻ കോടതി നിർദ്ദേശം. ബാലകൃഷ്ണപിള്ളയുടെ മക്കളായ മന്ത്രി കെ.ബി.ഗണേശ് കുമാറും ഉഷ മോഹൻദാസും ബിന്ദു ബാലകൃഷ്ണനും ഇന്നലെ കൊട്ടാരക്കര കോടതിയിൽ ഹാജരായി. സബ് കോടതി ജഡ്ജ് ഷാനവാസാണ് മദ്ധ്യസ്ഥ ശ്രമം നിർദ്ദേശിച്ചത്. ടി.ഗിരിജകുമാരിയാണ് മീഡിയേറ്റർ.
ആർ.ബാലകൃഷ്ണ പിള്ള തയ്യാറാക്കിയെന്ന തരത്തിലുള്ള വിൽപ്പത്രം കൃത്രിമമാണെന്ന് ആരോപിച്ച് മൂത്ത മകൾ ഉഷ മോഹൻദാസാണ് കോടതിയിൽ ഹർജി ഫയൽ ചെയ്തത്. 33 ഇടങ്ങളിലായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമിയും കെട്ടിടങ്ങളും, 270 പവന്റെ ആഭരണങ്ങൾ എന്നിവ പിള്ളയുടെ പേരിൽ ഉണ്ടായിരുന്നെന്നാണ് ഉഷ മോഹൻദാസ് കോടതിയിൽ നൽകിയ സത്യവാങ്മൂലം. വിൽപ്പത്ര പ്രകാരം കൊട്ടാരക്കര, പുനലൂർ താലൂക്ക് പരിധിയിലുള്ള ഭൂമി സംബന്ധിച്ച് ഗണേശ് കുമാറും ബിന്ദുവും പോക്കുവരവ് നടപടികൾ തുടങ്ങിയപ്പോഴാണ് ഉഷ മോഹൻദാസ് കോടതിയെ സമീപിച്ചത്.