കൗമാരക്കാർക്ക് സിനിമ പഠിക്കാൻ 'ഫസ്റ്റ് കട്ട്'
തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമിയും കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിംഗ് സെല്ലും പ്ലസ് വൺ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 'ഫസ്റ്റ് കട്ട്' ചലച്ചിത്ര നിർമ്മാണ ശിൽപ്പശാല 23 മുതൽ 28 വരെ കഴക്കൂട്ടം കിൻഫ്ര ഫിലിം ആന്റ് വീഡിയോ പാർക്കിൽ നടക്കും. 23ന് രാവിലെ പത്തിന് മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്യും. . മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷനായിരിക്കും. ആറു ദിവസത്തെ ശിൽപ്പശാലയിൽ അടൂർ ഗോപാലകൃഷ്ണൻ, ടി.വി ചന്ദ്രൻ, കമൽ, സിബി മലയിൽ, മധുപാൽ, ഡോ.ബിജു, ഛായാഗ്രാഹകൻ കെ.ജി ജയൻ, കലാ സംവിധായകൻ സന്തോഷ് രാമൻ, സംഗീതസംവിധായകൻ ജാസി ഗിഫ്റ്റ്, നിരൂപകൻ വിജയകൃഷ്ണൻ, പിന്നണി ഗായിക രശ്മി സതീഷ് തുടങ്ങിവർ വിദ്യാർത്ഥികളുമായി സംവദിക്കും. ലോകക്ലാസിക് ചിത്രങ്ങളും വിഖ്യാത ഹ്രസ്വചിത്രങ്ങളും ക്യാമ്പിൽ പ്രദർശിപ്പിക്കും. മലയാള ചെറുകഥകളുടെ ചലച്ചിത്രാവിഷ്‌കാരമായി രണ്ടു ഹ്രസ്വചിത്രങ്ങൾ നിർമ്മിക്കും.അഭിരുചി പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 40 പ്ലസ് വൺ വിദ്യാർത്ഥികളാണ് ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്.