കീച്ചേരിക്കടവ് പാലം തകർച്ച വിജിലൻസ് പരിശോധന നടത്തി

Wednesday 06 August 2025 1:19 AM IST

ചെന്നിത്തല: നിർമ്മാണത്തിനിടെ ചെന്നിത്തല കീച്ചേരിക്കടവ് പാലത്തിന്റെ ഗർഡർ തകർന്ന് രണ്ടുതൊഴിലാളികൾ മുങ്ങിമരിച്ച സംഭവത്തിൽ പൊതുമരാമത്ത് വിഭാഗം വിജിലൻസ് പ്രാഥമിക പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പ് ജില്ലാ വിജിലൻസ് ഓഫീസർ കൂടിയായ അസി.എക്‌സിക്യുട്ടിവ് എൻജിനിയർ ജീനയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെയായിരുന്നു പരിശോധന. പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം എക്സിക്യുട്ടിവ് എൻജിനിയർ അജിത് കുമാർ, അസി.എക്സിക്യൂട്ടീവ് എൻജിനിയർ ടെസി തോമസ്, അസി.എൻജിനിയർ ശ്രീജിത്ത് എന്നിവരും പങ്കെടുത്തു. സംഭവമന്വേഷിക്കാൻ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ മന്ത്രി മുഹമ്മദ് റിയാസ് ചുമതലപ്പെടുത്തിയിരുന്നു.

 മൃതദേഹങ്ങൾ സംസ്‌കരിച്ചു

അപകടത്തിൽ മരിച്ച മാവേലിക്കര കല്ലുമല അക്ഷയ് ഭവനിൽ കാർത്തികേയൻ - ഗീത കാർത്തികേയൻ ദമ്പതികളുടെ മകൻ രാഘവ് കാർത്തിക് (കിച്ചു -24), തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്കുമുറി മണികണ്ഠൻചിറ ബിനുഭവനത്തിൽ ഗോപി -അംബുജാക്ഷി ദമ്പതികളുടെ മകൻ ബിനു (42) എന്നിവരുടെ സംസ്‌കാരം ഇന്നലെ വീട്ടുവളപ്പിൽ നടന്നു. തിങ്കളാഴ്ച ഉച്ചയ്‌ക്ക് ഒന്നിനായിരുന്നു ചെന്നിത്തല - ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അച്ചൻകോവിൽ ആറിന് കുറുകെ നിർമ്മിക്കുന്ന കീച്ചേരിക്കടവ് പാലത്തിന്റെ സ്‌പാൻ ഇളകിയത്.