കനത്ത മഴയിൽ വ്യാപക നാശനഷ്ടം ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി

Wednesday 06 August 2025 1:20 AM IST

തിരുവനന്തപുരം: വടക്കൻ ജില്ലകളിലടക്കം തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. പലയിടത്തും വീടുകളിലടക്കം വെള്ളത്തിനടിയിലായി. നദികൾ കരകവിഞ്ഞു. പാലക്കാട് അലനല്ലൂർ കണ്ണംകുണ്ട് വെള്ളിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് ഏലംകുളവൻ യൂസഫിന്റെ മകൻ സാബിത്തിനെ (26) കാണാതായി. കോഴിക്കോട് നരിപ്പറ്റ കമ്മായി മലയിൽ മലവെള്ളപ്പാച്ചിലുണ്ടായി. നേരത്തെ ഉരുൾപൊട്ടലുണ്ടായ വിലങ്ങാടിനോട് ചേർന്ന പ്രദേശമാണ്. ഇവിടെ വീണ്ടും ഉരുൾപൊട്ടിയെന്ന് സംശയം.

വാണിമേൽ പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷിച്ചു. ഇരുവഞ്ഞി പുഴയിലും മലവെള്ളപ്പാച്ചിലുണ്ടായി. മഴ കനത്തതോടെ കഴിഞ്ഞ ദിവസം പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട മലപ്പുറം മഞ്ചേരി സ്വദേശി അലൻ അഷ്ഫറിനായുള്ള തെരച്ചിൽ തടസപ്പെട്ടു.

പാലക്കാട് ഷൊർണൂരിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മലവെള്ളം ഒഴുകിയെത്തി കുളപ്പുള്ളി റോഡിൽ കുളഞ്ചേരി കുളത്തിന് സമീപം ഇറിഗേഷൻ ഓഫീസ് വെള്ളത്തിലായി. ഉദ്യോഗസ്ഥർ മേശപ്പുറത്ത് കയറിയിരുന്നാണ് അത്യാവശ്യം ജോലികൾ നിർവഹിച്ചത്.

ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം മാമ്പറ്റ കുണ്ട് പ്രദേശത്തെ ഇരുപതോളം വീടുകളിൽ വെള്ളം കയറി. തൃശൂർ വടക്കാഞ്ചേരി അകമലയിൽ റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിനുകൾ പലയിടത്തും പിടിച്ചിട്ടു.

മഴയത്ത് ടാറിംഗ്:

പ്രതിഷേധം

തൃശൂർ: കനത്തമഴയിൽ തൃശൂർ നഗരത്തിൽ മാരാർ റോഡിലെ കുഴികളടയ്ക്കാൻ ടാറിംഗ് നടത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നിറുത്തിവയ്ക്കാൻ മേയർ എം.കെ.വർഗീസ് നിർദ്ദേശിച്ചു. വെയിലുണ്ടെങ്കിൽ ടാറിടാനാണ് താൻ പറഞ്ഞതെന്നും അന്യസംസ്ഥാന തൊഴിലാളികൾ മഴയിൽ ടാറിംഗ് നടത്തുന്നത് അറിഞ്ഞയുടൻ നിറുത്തിവയ്ക്കാൻ നിർദ്ദേശിച്ചതായും മേയർ പറഞ്ഞു.