കേന്ദ്രവും കേരളവും കോടികള്‍ മുടക്കും, അടുത്തവര്‍ഷത്തോടെ മുഖച്ഛായ മാറാനൊരുങ്ങി ഈ ജില്ല

Wednesday 06 August 2025 1:26 AM IST

ആലപ്പുഴ: ആലപ്പുഴയെ ലോകനിലവാരത്തിലുള്ള ജല വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് പദ്ധതി വരുന്നു. കേന്ദ്രസര്‍ക്കാര്‍ വായ്പയായി അനുവദിക്കുന്ന 74.95 കോടി രൂപ ഉള്‍പ്പെടെ വിനിയോഗിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് നോഡല്‍ ഏജന്‍സി. സ്വദേശ് ദര്‍ശന്‍-രണ്ട് പദ്ധതിയുടെ ഭാഗമായാണ് ആലപ്പുഴ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

ഇതിന് മുന്നോടിയായുള്ള പ്രഥമയോഗം ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ എം.എല്‍.എമാരായ പി.പി.ചിത്തരഞ്ജന്‍, എച്ച്.സലാം എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്നു. ആലപ്പുഴ ബീച്ചിന്റെ വികസനം, കനാല്‍ നവീകരണം, കായല്‍ തീരത്തെ ക്രൂയിസ് ടെര്‍മിനല്‍ എന്നിവ കോര്‍ത്തിണക്കിയുള്ള ബീച്ച്,? കായല്‍ ടൂറിസത്തിന്റെ സമഗ്ര വികസനമാണ് പദ്ധതിയുടെ ലക്ഷ്യം. ജലനൃത്തം സംവിധാനം, കിയോസ്‌കുകള്‍, റസ്റ്റോറന്റുകള്‍, റസ്റ്റ് റൂമുകള്‍, കലാപരിപാടികള്‍ സംഘടിപ്പിക്കാനുള്ള സ്ഥലം എന്നിവ പദ്ധതിയുടെ ഭാഗമായി ബീച്ചില്‍ ഒരുക്കും.

കനാല്‍ നവീകരണത്തിന്റെ ഭാഗമായി പ്ലാസ, ബോട്ട് ഡെക്ക്, ബോട്ട് ജെട്ടിയുടെ നവീകരണം, അമിനിറ്റീസ് എന്നിവ ഒരുക്കും. കായലിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഇന്റര്‍നാഷണല്‍ ക്രൂയിസ് ടെര്‍മിനലില്‍ ബോട്ട് ടെര്‍മിനല്‍ കഫറ്റേരിയ, ബോട്ട് ഡക്കുകള്‍ എന്നിവ ഉണ്ടാവും.

അടുത്തവര്‍ഷം പൂര്‍ത്തിയാകും

ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡിന്റെ നിര്‍മ്മാണം അടുത്തവര്‍ഷം ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. എല്ലാ അനുമതികളും വിവിധ വകുപ്പുകള്‍ എത്രയും വേഗം നല്‍കുന്നതിന് നടപടി സ്വീകരിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മ്മാണം നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആലപ്പുഴയുടെ ടൂറിസം വികസനത്തിന്റെ മാസ്റ്റര്‍ പ്ലാനിലെ ആദ്യഘട്ടമായി പദ്ധതി മാറുമെന്ന് പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചുകൊണ്ട് കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.മനോജ് കുമാര്‍ കിനി പറഞ്ഞു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.