മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജനത്തിന്റെ ശതാഭിഷേകം ഇന്ന്

Wednesday 06 August 2025 1:44 AM IST

ഹരിപ്പാട് : മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യപൂജാരിണി (മണ്ണാറശാല വലിയമ്മ) സാവിത്രി അന്തർജനത്തിന്റെ ശതാഭിഷേകം ഇന്ന് നടക്കും. രാവിലെ 5.30ന് ക്ഷേത്രത്തിൽ വിശേഷാൽ പൂജ, ഹോമം, പ്രത്യക്ഷപശുദാനം, ദശദാനം തുടങ്ങിയ ചടങ്ങുകൾ നടക്കും. 9.30ന് സംഗീതസദസ്, 10.30ന് പിറന്നാൾ സദ്യ എന്നിവ ഉണ്ടാകും . ഇന്നലെ വൈകിട്ട് തിരുവാതിരകളി, സന്താനഗോപാലം കഥകളി എന്നിവ നടന്നു. ഉമാദേവി അന്തർജനത്തിന്റെ നിര്യാണത്തെത്തുടർന്ന് രണ്ടുവർഷം മുമ്പാണ് സാവിത്രി അന്തർജനം വലിയമ്മയായി അഭിഷിക്തയായത്. തുടർന്ന്, ഒരുവർഷത്തോളം പുജാദികർമ്മങ്ങൾ സ്വായത്തമാക്കി. ഇതിനുശേഷമാണ് വലിയമ്മയുടെ ചുമതല ഏറ്റെടുത്തത്. കോട്ടയം നാട്ടാശ്ശേരി കാഞ്ഞിരക്കോട്ടില്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും ആര്യാദേവി അന്തർജനത്തിന്റെയും മകളാണ്. പതിമൂന്നാം വയസിൽ മണ്ണാറശാല ഇല്ലത്തെ എം.വി സുബ്രഹ്മണ്യൻ നമ്പൂതിരി വിവാഹം കഴിച്ചുകൊണ്ടുവന്നതാണ്.