സ്വർണവില ഒരു ലക്ഷത്തിലേക്കോ?​ ഇന്നുണ്ടായത് അതിശയിപ്പിക്കുന്ന മാറ്റം,​ കാത്തിരുന്നവർ ഇതറിയാതെ പോകരുതേ

Wednesday 06 August 2025 11:16 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് 80 രൂപ കൂടി 75,040 രൂപയായി. ഓഗസ്​റ്റ് മാസത്തിലെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് പത്ത് രൂപ കൂടി 9,380 രൂപയുമായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 600 രൂപ കൂടിയിരുന്നു. ഈ മാസത്തിന്റെ തുടക്കം മുതൽക്കേത്തന്നെ സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഓഗസ്റ്റ് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയിരുന്നത്. അന്ന് പവന് 73,200 രൂപയായിരുന്നു.

ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾ രൂക്ഷമാകുന്നതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് (28.35 ഗ്രാം) നാലായിരം ഡോളർ കവിയുമെന്ന് പ്രമുഖ ധനകാര്യ അനലിസ്‌റ്റായ ഫിഡിലിറ്റി പ്രവചിച്ചിരുന്നു. അമേരിക്കയിലെ തൊഴിൽ മേഖലയിലെ പ്രതിസന്ധിയും ഉയരുന്ന നാണയപ്പെരുപ്പവും കണക്കിലെടുത്ത് ഡോളർ ദുർബലമാകുന്നതോടെ സ്വർണവില കുതിച്ചുയരുമെന്നാണ് വിലയിരുത്തുന്നത്.

വാരാന്ത്യത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് (28.35 ഗ്രാം) 3,362 ഡോളറിലേക്ക് ഉയർന്നിരുന്നു. രാജ്യാന്തര വിപണിയിൽ ഔൺസിന് 4,000 ഡോളറിലെത്തിയാൽ രൂപയുടെ മൂല്യത്തിൽ വലിയ വ്യതിയാനമുണ്ടായില്ലെങ്കിൽ ഇന്ത്യയിൽ സ്വർണം ഗ്രാമിന് 11,250 രൂപയും പവന് 90,000 രൂപയുമാകുമെന്ന് കണക്കാക്കുന്നു. അടുത്ത വർഷം പകുതിയോടെ സ്വർണവില ഔൺസിന് നാലായിരം ഡോളറാകുമെന്നാണ് മറ്റൊരു ഏജൻസിയായ ഗോൾഡ്മാൻ സാക്ക്‌സ് നേരത്തെ പ്രവചിച്ചിരുന്നു.

സംസ്ഥാനത്തെ വെളളിവിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഗ്രാമിന് 126 രൂപയും ഒരു കിലോഗ്രാമിന് 1,​26,​000 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെളളിയുടെ വില 125 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.