കൊച്ചി മോഡൽ നടപ്പിലാക്കാനൊരുങ്ങി അന്ധ്രയും ചെന്നൈയും; നീക്കങ്ങൾ തകൃതി

Wednesday 06 August 2025 11:21 AM IST

കൊച്ചി: ജലഗതാഗത രംഗത്ത് ശ്രദ്ധേയമായ കൊച്ചി വാട്ടർ മെട്രോ ആന്ധ്രയിലും ചെന്നൈയിലും നടപ്പാക്കാൻ നീക്കം തകൃതി. നേരത്തെ രാജ്യത്തെ 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 18 ഇടത്ത് വാട്ടർ മെട്രോ മാതൃക നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിൽ ആന്ധ്രയും തമിഴ്‌നാടും ഉൾപ്പെട്ടിരുന്നില്ല. ചെന്നൈ യൂണിഫൈഡ് മെട്രോപോളിറ്റൻ അതോറിട്ടി (സി.യു.എം.ടി.എ) വാട്ടർ മെട്രോ മാതൃക നടപ്പാക്കി ടൂറിസം രംഗത്തുൾപ്പെടെ നേട്ടം കൊയ്യാനുള്ള ഒരുക്കത്തിലാണ്.

ചെന്നൈയുടെ തീരദേശങ്ങളും ഉൾനാടൻ ജലപാതകളും കൂട്ടിച്ചേർത്താകും സംവിധാനമെന്നാണ് സൂചന. 53 കിലോമീറ്റർ നീളുന്ന ജലപാതയാണ് പരിഗണിക്കുന്നത്. ഇലക്ട്രിക്, ഹൈബ്രിഡ് ബോട്ടുകളാണ് പരിഗണനയിലെന്നും സൂചനയുണ്ട്. മെട്രോ സംവിധാനം നടപ്പാക്കാനുള്ള സാദ്ധ്യതാ പഠനം, ജലഗതാഗത സാദ്ധ്യതാ പരിശോധന, പാരിസ്ഥിതികാഘാത പഠനം എന്നിവ നടക്കുന്നുണ്ട്.

മുമ്പ് സമാന ജലഗതാഗത പദ്ധതി ആലോചനയിലുണ്ടായിരുന്നുവെങ്കിലും കൈയേറ്റങ്ങളും മലിനീകരണവും ആഴം കുറഞ്ഞ നദീതടവും വെള്ളത്തിന്റെ ഒഴുക്കിലുള്ള ഏറ്റക്കുറച്ചിലുകളും പ്രശ്നമായിരുന്നു. ഇതോടെ പദ്ധതി നീണ്ടു.

ഒരുപടി മുന്നിൽ ആന്ധ്ര

തമിഴ്‌നാടിനേക്കാൾ വാട്ടർ മെട്രോ നടപ്പാക്കലിൽ ഒരുപടി മുന്നിലാണ് ആന്ധ്രാപ്രദേശ്. ജൂലായ് മാസത്തിൽ ഇതുമായി ബന്ധപ്പെട്ട് വിളിച്ച ഉന്നതതല യോഗത്തിൽ കൊച്ചി വാട്ടർ മെട്രോ അധികൃതരും പങ്കെടുത്തിരുന്നു. 1078 കിലോമീറ്റർ വരുന്ന ദേശീയ ജലപാത നാലുമായി ബന്ധപ്പെടുത്തി വാട്ടർ മെട്രോയാണ് ആന്ധ്ര പരിഗണിക്കുന്നത്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളുമായി ബന്ധപ്പെടുത്തിയാണ് ദേശീയ ജലപാത നാല് കടന്നു പോകുന്നത്.

വാട്ടർമെട്രോ നടപ്പാക്കൽ പദ്ധതിയിലുള്ള മറ്റിടങ്ങൾ (സംസ്ഥാനം, സ്ഥലങ്ങൾ എന്ന കണക്കിൽ)

സംസ്ഥാനം സ്ഥലങ്ങൾ
അസാം ഗുവഹാത്തി, തേസ്പുർ, ദിബ്രുഗഡ്
ബിഹാർ പാറ്റ്‌ന
കേരളം കൊല്ലം, ആലപ്പുഴ
പശ്ചിമ ബംഗാൾ കോൽക്കത്ത
ജമ്മുകാഷ്മീർ ശ്രീനഗർ
ഉത്തർപ്രദേശ് അയോദ്ധ്യ, പ്രയാഗ്‌രാജ്, വാരണാസി
ഗോവ ഗോവ
കർണാടക മാംഗ്ലോർ
ഗുജറാത്ത് അഹമ്മദാബാദ്
ഒഡീഷ കട്ടക്ക്
ആൻഡമാൻ ആൻഡ് നിക്കോബർ ആൻഡമാൻ ആൻഡ് നിക്കോബർ
ലക്ഷദ്വീപ് ലക്ഷദ്വീപ്

ആന്ധ്രയിൽ നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. മറ്റിടങ്ങളിൽ വാട്ടർമെട്രോ മാതൃക നടപ്പാക്കുന്നതിൽ അഭിമാനമുണ്ട്. സാജൻ ജോൺ സി.ഒ.ഒ, കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ്