വീട്ടിലെ കിണർ ഏത് ആകൃതിയിലാണ്? ഇങ്ങനെ നിർമിക്കുന്നവയുടെ ആയുസ് കുറച്ചുകാലം മാത്രം
ഏറ്റവും കൂടുതലാളുകളും കുടിവെളളത്തിനും മറ്റു ആവശ്യങ്ങൾക്കും കിണറുകളുടെ സഹായമാണ് തേടുന്നത്. എന്തുകൊണ്ടാണ് കൂടുതൽ പേരും കിണറുകൾ വൃത്താകൃതിയിൽ നിർമിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ചതുരാകൃതിയിലും ത്രികോണകൃതിയിലും തുടങ്ങി മറ്റുപല ആകൃതിയിലും കിണറുകൾ നിർമിക്കാറുണ്ട്. എന്നാലും കൂടുതലാളുകളും വൃത്താകൃതിയിലാണ് കിണറുകൾ നിർമിക്കുന്നത്. ഇതിനുപിന്നിലെ ശാസ്ത്രീയപരമായ കാരണം എന്താണെന്ന് പരിശോധിക്കാം.
കൂടുതൽ കാലം കിണർ നിലനിൽക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനുമാണ് കിണറുകൾ വൃത്താകൃതിയിൽ നിർമിക്കുന്നത്. വെളളം എല്ലാ ഭാഗത്തും തുല്യമായി എത്താനും ഇത് സഹായിക്കുന്നു. വൃത്താകൃതിയിൽ അല്ലാത്ത കിണറുകളുടെ ചുറ്റുമതിലിന് ബലം കുറവാണെന്നാണ് കൂടുതൽ നിർമാണത്തൊഴിലാളികളും പറയുന്നത്. അതായത് കിണറിൽ വെളളം നിറയുമ്പോൾ ഭിത്തികളിൽ കൂടുതൽ സമ്മർദ്ദമുണ്ടാകും. ഭൂമിക്കടിയിൽ, വെള്ളവും മണ്ണും എല്ലാ ദിശകളിൽ നിന്നും കിണറിന്റെ ഭിത്തികളിലേക്ക് തുല്യമായ സമ്മർദ്ദം ചെലുത്തും. വൃത്താകൃതിയിലുള്ള ഘടനയ്ക്ക് ഈ ഏകീകൃത മർദ്ദത്തെ കൂടുതൽ ഫലപ്രദമായി താങ്ങാൻ കഴിയും. ഇത് ഭിത്തികളിൽ വിള്ളലുകൾ ഉണ്ടാകാനുള്ള സാദ്ധ്യതയും ഘടനാപരമായ കേടുപാടുകൾ കുറയ്ക്കാനും സഹായിക്കും.
എന്നാൽ കിണറിന്റെ ആകൃതി ചതുരത്തിലും ത്രികോണാകൃതിയിലുമാകുമ്പോൾ ഭിത്തികളിൽ കൂടുതൽ സമ്മർദ്ദം അനുഭവപ്പെടും. ഇത് ഭിത്തി തകരാൻ കാരണമാകുകയും ചെയ്യും. വെളളവും മണ്ണും ചെലുത്തുന്ന സമ്മർദ്ദത്തെ നേരിടാൻ വൃത്താകൃതിയിലുളള കിണറുകൾക്കാണ് കൂടുതൽ സാധിക്കുക. കൂടാതെ വൃത്താകൃതിയിൽ നിർമിക്കുന്ന കിണറുകൾ സംരക്ഷിക്കാൻ അധിക പണവും ചെലവാകില്ല.
ചതുരാകൃതിയിലോ ത്രികോണാകൃതിയിലോ ഉള്ള കിണറുകളിൽ, പ്രത്യേകിച്ച് മൂലകളിൽ, തുല്യമല്ലാത്ത ജലസമ്മർദ്ദമാണ് അനുഭവപ്പെടുന്നത്. ഇത് അവയിൽ വിള്ളലുകൾ ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. കഠിനമായ സാഹചര്യങ്ങളിൽ, ഈ വിള്ളലുകൾ കിണറിന്റെ ഭിത്തികൾ പൂർണ്ണമായും തകരുന്നതിലേക്ക് നയിച്ചേക്കാം.