വിദേശത്തുനിന്നുള്ള വീഡിയോയുമായി ഇന്ത്യക്കാരൻ; പിന്നാലെ രൂക്ഷവിമർശനം

Wednesday 06 August 2025 12:54 PM IST

ലോകത്ത് ഇന്ത്യക്കാർ ഇല്ലാത്ത പ്രദേശം ഉണ്ടാകില്ലെന്ന് പറയാറുണ്ട്. അത്തരത്തിൽ ടെക്സാസിൽ നിന്നുള്ളൊരു ഇന്ത്യക്കാരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ഇയാളും മറ്റൊരാളും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയിലുള്ളത്.

ഇന്ത്യൻ യുവാവാണ് വീഡിയോ റെക്കോർഡ് ചെയ്തത്. ഇയാളെ വീഡിയോയിൽ കാണിക്കുന്നില്ല. ക്യാമറ ഓൺ ചെയ്ത ശേഷം ആഫ്രിക്കൻ വംശജനായ ആളെ ഇന്ത്യക്കാരൻ വിളിച്ചു. താങ്കൾ ഇവിടെ താമസിക്കുന്നതല്ലെന്നും ഐഡി കാണിക്കണമെന്നും ഇന്ത്യക്കാരൻ ആവശ്യപ്പെടുന്നു. താൻ ഇവിടെത്തന്നെയാണ് താമസമെന്ന് മറ്റേയാൾ പറഞ്ഞെങ്കിലും ഇന്ത്യക്കാരൻ ചെവിക്കൊണ്ടില്ല.

'ഇത് നിങ്ങളുടെ വീടല്ലെന്ന് എനിക്കറിയാം. നിങ്ങൾ എന്റെ അയൽപക്കത്ത് താമസിക്കുന്നില്ല' ഇന്ത്യക്കാരൻ അവകാശപ്പെട്ടു.എന്ത് പറഞ്ഞിട്ടും ഇന്ത്യൻ യുവാവ് വിശ്വസിക്കാതായതോടെ മറ്റേയാൾ അടുത്തുള്ള സ്ത്രീയോട് പൊലീസിനെ വിളിക്കാൻ ആവശ്യപ്പെടുകയാണ്. വീഡിയോ വളരെപ്പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. രൂക്ഷവിമർശനമാണ് ഇന്ത്യക്കാരനെതിരെ ഉയരുന്നത്. ചിലർ വീഡിയോ റെക്കോർഡ് ചെയ്ത വ്യക്തിയെ ചോദ്യം ചെയ്തപ്പോൾ, മറ്റുള്ളവർ ഇന്ത്യക്കാരന്റെ പെരുമാറ്റത്തെ 'വംശീയത' എന്നാണ് വിശേഷിപ്പിച്ചത്.

എന്നാൽ ചിലർ യുവാവിനെ പിന്തുണച്ചുകൊണ്ടും കമന്റ് ചെയ്തിട്ടുണ്ട്. 'ക്യാമറ ഓൺ ചെയ്‌തെന്ന് കരുതി അയാൾ ഇരയാകില്ല. യഥാർത്ഥ കഥ ആർക്കും അറിയില്ല. മറ്റേയാൾ സംശയാസ്പദമായി പെരുമാറിയിട്ടുണ്ടാകാം, എന്തോ കുഴപ്പം ഇന്ത്യക്കാരന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകും. ഇവ എന്റെ അനുമാനങ്ങളാണ്.'-എന്നാണ് ഒരാളുടെ കമന്റ്.