'ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനം'; കോഴിക്കോട്ട് യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
കോഴിക്കോട്: പൂനൂരിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കണ്ണൂർ കേളകം സ്വദേശിനി 24കാരി ജിസ്‌നയെ ആണ് ചൊവ്വാഴ്‌ച രാത്രിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിസ്‌നയെ ഭർത്താവ് ശ്രീജിത്ത് മർദിച്ചിരുന്നുവെന്നും മാനസിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
മൂന്ന് വർഷം മുമ്പായിരുന്നു ജിസ്‌നയും പൂനൂർ കരിങ്കാളിമ്മൽ താമസിക്കുന്ന ശ്രീജിത്തും തമ്മിലുള്ള വിവാഹം. ഇവർക്ക് രണ്ട് വയസുള്ള ഒരു കുട്ടിയുണ്ട്. ജിസ്‌നയുടെ കുടുംബം ശ്രീജിത്തിനെ സാമ്പത്തികമായി സഹായിച്ചിരുന്നു. എന്നാൽ, അഞ്ച് മാസത്തിനകം തിരികെ കൊടുക്കാമെന്ന് പറഞ്ഞ പണം ശ്രീജിത്ത് തിരികെ നൽകിയില്ല. ഇതിന്റെ പേരിൽ ശ്രീജിത്തിന്റെ വീട്ടിൽ തർക്കങ്ങൾ പതിവായിരുന്നതായി ജിസ്‌നയുടെ ബന്ധുക്കൾ പറയുന്നു. ശ്രീജിത്ത് ജിസ്‌നയെ മർദിച്ചിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചിരുന്നതായും സഹോദരൻ പറഞ്ഞു.
മരണത്തിന് ശേഷം ഇതുവരെ ഭർത്താവിന്റെ കുടുംബം ബന്ധപ്പെട്ടില്ലെന്നും കുഞ്ഞിനെ കാണാൻ പോലും സമ്മതിച്ചില്ലെന്നും പരാതി ഉയരുന്നുണ്ട്. മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജിസ്‌നയുടെ കുടുംബം ബാലുശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.