ഒന്നോ രണ്ടോ പത്തോ അല്ല, കിടക്ക മുഴുവൻ പാമ്പുകൾ; ബെഡ്ഷീറ്റ് മാറ്റിയപ്പോൾ കണ്ട നടുക്കുന്ന കാഴ്ച
പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ പേടിയുള്ളവരാണ് മിക്കവരും. വിഷമില്ലാത്ത ചേരയാണെങ്കിൽ പോലും ആദ്യം കാണുമ്പോൾ പലർക്കും പേടി തോന്നും. എന്നാൽ നായയേയോ പൂച്ചയേയോ വളർത്തുന്നതുപോലെ പാമ്പിനെ വളർത്തുന്നത് ഒന്ന് ചിന്തിച്ചുനോക്കൂ.
നായയേയും പൂച്ചയേയുമൊക്കെ കിടക്കയിൽ കിടത്തി ലാളിക്കാറുണ്ട്. അവയ്ക്ക് പകരം പാമ്പുകളെ കിടക്കയിൽ കിടത്തിയാലോ? അങ്ങനെയൊന്നും ഒരിക്കലും സംഭവിക്കില്ലെന്ന് പറയാൻ വരട്ടെ, അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരു യുവതി ബെഡ്‌ഷീറ്റ് മാറ്റുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. കാഴ്ചക്കാരെ സംബന്ധിച്ച് പിന്നെ സംഭവിച്ചത് നടുക്കുന്ന കാഴ്ചയായിരുന്നു. യുവതി ബെഡ്‌ഷീറ്റ് മാറ്റിയതും കിടക്കയിൽ നിന്ന് ഒന്നോ രണ്ടോ പത്തോ അല്ല, ഒരു കൂട്ടം പാമ്പുകൾ പുറത്തേക്ക് വരികയാണ്. യുവതി വളർത്തുന്നതാണ് ആ പാമ്പുകളെയെന്ന് അപ്പോഴാണ് കാഴ്ചക്കാർക്ക് മനസിലാകുന്നത്. അവർ വളരെ കൂളായി പാമ്പിന്റെ തൊലിയും മറ്റും മാറ്റി ആ കിടക്ക വൃത്തിയാക്കുകയാണ് ചെയ്യുന്നത്.
ചൈനയിൽ നിന്നുള്ളതാണ് വീഡിയോ. ചൈനയെ സംബന്ധിച്ച് സ്‌നേക്ക് ഫാമിംഗ് എന്നത് പുതിയ സംഭവമൊന്നുമല്ല. പാമ്പുകൾ, പല്ലികൾ, ചിലന്തികൾ എന്നിവയെപ്പോലും വളർത്തുന്നതിൽ യുവാക്കൾക്കിടയിൽ താൽപര്യം വർദ്ധിച്ചുവരുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാത്രമല്ല ഇവയെ കഴിക്കുന്നതും അവിടെ പുതുമയുള്ള കാര്യമല്ല.