സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസം, മെഡിസെപ് പരിരക്ഷ മൂന്ന് ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷമാകും
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ ഏർപ്പെടുത്തിയ ആരോഗ്യപരിരക്ഷാ പദ്ധതിയായ മെഡിസെപ് (മെഡിക്കൽ ഇൻഷുറൻസ് പദ്ധതി) രണ്ടാംഘട്ടത്തിന് ക്യാബിനറ്റ് അനുമതിയായി. അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ മൂന്ന് ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷമായി ഉയർത്തും. അതേസമയം സർക്കാർ ജീവനക്കാർ നൽകേണ്ട പ്രീമിയം 500 രൂപയിൽ നിന്നും 750 രൂപയായി കൂട്ടി.
41 സ്‌പെഷ്യാലിറ്റി ചികിത്സകൾക്കായി 2100ലധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാൽമുട്ട് മാറ്റിവയ്‌ക്കൽ, ഇടുപ്പെല്ല് മാറ്റിവയ്‌ക്കൽ തുടങ്ങിയ ശസ്‌ത്രക്രിയകളും അടിസ്ഥാന പാക്കേജിൽ ഉൾപ്പെടുത്തി. ഒന്നാംഘട്ടത്തിൽ കറ്റാസ്ട്രഫിക് പാക്കേജിൽ ഉണ്ടായിരുന്ന കാർഡിയാക് റീസിംഗ്രണൈസേഷൻ തെറാപ്പി, ഐസിഡി ഡ്യുവൽ ചേമ്പർ എന്നിവ ഒഴിവാക്കിയിരുന്നു. ഇത് പുതിയ പാക്കേജിൽ ഉണ്ടാകും. 10 ഇനത്തിൽ പെട്ട ഗുരുതര/അവയവമാറ്റ രോഗചികിത്സയ്‌ക്കും പാക്കേജുണ്ട്. ഇതിനായി രണ്ട് കൊല്ലത്തേക്ക് 40 കോടി കോർപ്പസ് ഫണ്ട് നീക്കിവയ്‌ക്കും.
അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷയുടെ ഒരു ശതമാനം വരെ മുറിവാടക (പ്രതിദിനം 5000 രൂപ), സർക്കാർ ആശുപത്രിയിൽ വാർഡ് വാടക പ്രതിദിനം 2000 രൂപ വരെ. പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപറേഷനുകൾ, സഹകരണ മേഖല എന്നിവയിൽ ഇഎംഐ ആനുകൂല്യം ലഭിക്കാത്ത ജീവനക്കാരെയും പെൻഷൻകാരെയും മെഡിസെപ്പ് രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്താനും മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. എന്നാൽ പോളിസി കാലയളവ് മൂന്ന് വർഷത്തിൽ നിന്ന് രണ്ട് വർഷമാക്കി. രണ്ടാം വർഷത്തിലാകട്ടെ പ്രീമിയം നിരക്കിലും പാക്കേജിന്റെ നിരക്കിലും വർദ്ധനയുണ്ട്.
മെഡിസെപ് ഒന്നാം ഘട്ടത്തിൽ സാങ്കേതിക യോഗ്യത നേടിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ മാത്രം രണ്ടാം ഘട്ടം ടെണ്ടറിംഗ് നടപടികളിൽ പങ്കെടുപ്പിക്കും. നോൺ എംപാനൽഡ് ആശുപത്രികളിലെ അടിയന്തര സാഹചര്യങ്ങളിലെ ചികിത്സകൾക്ക് റീഇംപേഴ്സ്‌മെന്റ് അനുവദിക്കുന്ന വ്യവസ്ഥയിൽ നിലവിലുള്ള മൂന്ന് ചികിത്സകൾ (ഹൃദയാഘാതം, പക്ഷാഘാതം, വാഹനാപകടം) കൂടാതെ 10 ചികിത്സകൾ കൂടി ഉൾപ്പെടുത്തും.
തുടർച്ചയായി ചികിത്സ തേടേണ്ട ഡേ കെയർ പ്രൊസീജിയറുകളായ ഡയാലിസിസ്, കീമോതെറാപ്പി എന്നിവയ്ക്ക് ഇൻഷ്വറൻസ് പോർട്ടലിൽ വൺ ടൈം രജിസ്‌ട്രേഷൻ അനുവദിക്കും. ഒരേ സമയം സർജിക്കൽ, മെഡിക്കൽ പാക്കേജുകൾ ക്ലബ് ചെയ്ത് അംഗീകാരം നൽകും.
പ്രീ ഹോസ്‌പിറ്റലൈസേഷൻ, പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ യഥാക്രമം 3, 5 ദിവസങ്ങൾ എന്നിങ്ങനെ ലഭ്യമാക്കും. ജില്ലാതലം, സംസ്ഥാന തലം, അപ്പലെറ്റ് അതോറിറ്റി എന്നിങ്ങനെ ത്രിതല പരാതി പരിഹാര സംവിധാനം നിലവിൽ വരും.
ഗുണഭോക്താക്കളുടെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി മെഡിസെപ്പ് കാർഡിൽ ക്യൂ ആർ കോഡ് സംവിധാനം ഉൾപ്പെടുത്തും. കരാറിൽ നിന്നും വ്യതിചലിക്കുന്ന ആശുപത്രികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന തരത്തിലുള്ള SOP (Standard Operating Procedure) ഇൻഷ്വറൻസ് കമ്പനി തയാറാക്കേണ്ടതാണ്. അധിക ബിൽ ഈടാക്കുക തുടങ്ങിയ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ചൂഷണങ്ങൾ നിയന്ത്രിക്കുന്നതിന് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് അതോറിറ്റിയുടെ സേവനം കൂടി ഉപയോഗപ്പെടുത്തും.
ഒന്നാം ഘട്ടത്തിൽ ഇതുവരെ (01.07.2025 വരെ)
- 1,052,121 ക്ലെയിമുകൾക്ക് 1911.22 കോടി
- 2256 അവയവമാറ്റ ചികിത്സ ക്ലെയിമുകൾക്ക് 67.56 കോടി
- 1647 റീഇംബേഴ്സ്‌മെന്റ്ര് ക്ലെയിമുകൾക്ക് 9.61 കോടി കമ്പനിക്ക് അനുവദിച്ച തുക (18% ജി എസ് ടി ഉൾപ്പെടെ )1950.00 കോടി
- ജി എസ് ടി ഒഴികെയുള്ള യഥാർഥ പ്രിമിയം 1599.09 കോടി
മന്ത്രിസഭാ യോഗത്തിലെ മറ്റുചില തീരുമാനങ്ങൾ:
കരട് ഓർഡിനൻസ് അംഗീകരിച്ചു
കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാലയുടെ വൈസ് ചാൻസലറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട 2021ലെ കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാല ആ്ര്രകിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓർഡിനൻസ് മന്ത്രിസഭായോഗം അംഗീകരിച്ചു. 11ാം വകുപ്പിന്റെ (3), (4), (6) ഉപവകുപ്പുകൾ 2018 ലെ യു.ജി.സി ചട്ടങ്ങൾക്കും, സമീപകാലത്തുണ്ടായ കോടതി ഉത്തരവുകൾക്കും അനുസൃതമായി ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓർഡിനൻസാണ് അംഗീകരിച്ചത്. ഓർഡിനൻസ് വിളംബരപ്പെടുത്തുന്നതിന് ഗവർണ്ണറോട് ശിപാർശ ചെയ്യാനും തീരുമാനിച്ചു.
പുനർനിയമനം
സംസ്ഥാന ആസുത്രണ ബോർഡ് എക്സ്പേർട്ട് മെമ്പറായി അന്യത്ര സേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിച്ചുവരവെ കാലിക്കറ്റ് സർവകലാശാലയിൽ നിന്നും വിരമിച്ച പ്രൊഫ. മിനി സുകുമാറിന് ആസൂത്രണ ബോർഡ് എക്സ്പേർട്ട് മെമ്പറായി പുനർനിയമനം നൽകും.