പ്രളയം: 2101.9കോടിയുടെ നഷ്ടമെന്ന് കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മാസത്തെ പ്രളയത്തിലും ഉരുൾപൊട്ടലിലും കേന്ദ്ര മാനദണ്ഡപ്രകാരം 2101.9 കോടിയുടെ നഷ്ടമുണ്ടെന്ന് കേരളം. പ്രളയബാധിത മേഖലകളിലെ പര്യടനം പൂർത്തിയാക്കിയെത്തിയ കേന്ദ്രസംഘത്തിന് ഇതുസംബന്ധിച്ച നിവേദനം സർക്കാർ കൈമാറി.
, യഥാർത്ഥ നഷ്ടം ഇതിന്റെ നാലിരട്ടി മുതൽ പത്തിരട്ടി വരെയാണെന്ന് ഇന്നലെ കേന്ദ്രസംഘവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ വാർത്താലേഖകരോട് പറഞ്ഞു. യഥാർത്ഥ നഷ്ടം കണക്കാക്കി പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടും.
സംസ്ഥാനത്തിന്റെ നിവേദനം വൈകാതെ കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്ന് ചർച്ചയിൽ കേന്ദ്ര സംഘം അറിയിച്ചു. വീടുകൾ തകർന്നത് അടക്കമുള്ള റവന്യു നഷ്ടം കൂടാതെ കൃഷി, ജലവിഭവം, വൈദ്യുതി, റോഡ് മേഖലകളിലായി കനത്ത നഷ്ടമാണുണ്ടായത്. മലപ്പുറം കവളപ്പാറയിൽ ഒരു ഗ്രാമം പൂർണമായി ഒഴുകിപ്പോയി. എന്നാൽ,കേന്ദ്രമാനദണ്ഡ പ്രകാരം മാത്രമേ തുക നൽകാൻ കഴിയൂ . വീട് തകർന്നവർക്ക് സംസ്ഥാനം നാലു ലക്ഷം രൂപ വീതം നൽകുന്നുണ്ടെങ്കിലും കേന്ദ്രസർക്കാർ മലയോര മേഖലയിൽ 1.01 ലക്ഷം രൂപ മാത്രമാണ് നൽകുന്നത്. കാർഷിക മേഖലയിൽ 2000 കോടിയുടെ നഷ്ടമുണ്ടായെങ്കിലും കേന്ദ്ര മാനദണ്ഡപ്രകാരം 66.41 കോടി രൂപ മാത്രമേ നിവേദനത്തിൽ ഉൾപ്പെടുത്താനാകൂ. ഗ്രാമീണ റോഡുകളടക്കം ഒരു ലക്ഷം കിലോമീറ്റർ റോഡ് തകർന്നു.. കേരളത്തിൽ ഒരു കിലോമീറ്റർ റോഡ് നിർമ്മിക്കാൻ പൊതുമരാമത്ത് നിരക്കനുസരിച്ച് 13 ലക്ഷം രൂപ വേണം. എന്നാൽ, കേന്ദ്ര മാനദണ്ഡ പ്രകാരം 60,000 രൂപയാണ് നൽകുക.
കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടായി തിരിഞ്ഞാണ് കഴിഞ്ഞ 16 മുതൽ പ്രളയ ബാധിത മേഖലകൾ സന്ദർശിച്ചത്. പ്രളയം ബാധിച്ച ഏഴ് ജില്ലകളിൽ സംഘം പര്യടനം നടത്തി. ഇന്നലെ റവന്യു മന്ത്രിക്ക് പുറമേ, മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എ.സി. മൊയ്തീൻ, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു എന്നിവരും ചർച്ചയിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി സംഘം കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം പാലായിലായിരുന്നതിനാൽ ചർച്ച നടന്നില്ല.
കേരളം ആവശ്യപ്പെട്ടത് (കേന്ദ്രമാനദണ്ഡപ്രകാരം):
വീടുകൾ- 748.6 കോടി.
അടിയന്തര രക്ഷാപ്രവർത്തനം- 316.22കോടി,
ദുരിതാശ്വാസ ക്യാമ്പ്- 245.1കോടി,
പൊതുമരാമത്ത് റോഡുകൾ- 203.5കോടി,
പൊതുമുതൽ- 168.3കോടി,
ജലസേചനം- 116.1കോടി,
വൈദ്യുതി- 102.3 കോടി,
കൃഷി- 66.3 കോടി,
വസ്ത്രം, വീട്ടുപകരണങ്ങൾ- 52.97 കോടി,
മൃഗസംരക്ഷണം- 44.7കോടി.