പല തവണ അവസരം നൽകിയിട്ടും അവഗണിച്ചു, ഡോക്ടർമാർക്കെതിരെ കർശന നടപടിയുമായി ആരോഗ്യവകുപ്പ്

Wednesday 06 August 2025 6:32 PM IST

തിരുവനന്തപുരം: അനധികൃതമായി സേവനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടർമാരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ സർക്കാർ ഉത്തരവിട്ടു. മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. പല തവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെയാണ് നീക്കം ചെയ്തത്. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോർട്ട് നൽകുന്നതിനും കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് നടപടി.

ഇത്രയധികം നാളുകളായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്നത് വകുപ്പിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ഇത്തരം ജീവനക്കാരെ സർവീസിൽ തുടരാനനുവദിക്കുന്നത് സേവനതൽപരരായ അർഹരായ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കർശന നടപടി സ്വീകരിച്ചതെന്ന് വീണാ ജോർജ് വ്യക്തമാക്കി.