ശബരിപാത പദ്ധതി: സംസ്ഥാന പിന്തുണ കുറവെന്ന് റെയിൽവേ

Wednesday 06 August 2025 7:00 PM IST

കൊച്ചി: അങ്കമാലി -ശബരി റെയിൽ പദ്ധതിക്കായി പൂർത്തിയായത് അങ്കമാലി -കാലടി ഏഴു കിലോമീറ്ററും കാലടി -പെരുമ്പാവൂർ 10 കിലോമീറ്റർ ലോംഗ് ലീഡ് പ്രവൃത്തികളും മാത്രമെന്ന് റെയിൽവേ. സംസ്ഥാന സർക്കാരിന്റെ പിന്തുണക്കുറവും പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ തടസമായെന്നും റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ ഹൈബി ഈഡൻ എം.പിയെ അറിയിച്ചു.

ഭൂമി ഏറ്റെടുക്കലിനും അലൈൻമെന്റ് നിശ്ചയിക്കുന്നതിലും ജനങ്ങൾ പ്രതിഷേധിച്ചതും കോടതി കേസുകളും പദ്ധതിക്ക് തടസമായി. ഭൂമി ഏറ്റെടുത്ത് നൽകുന്നതിലെ അപാകത പ്രധാന കാരണമായി.

ശബരിപാത 1997-98 ൽ അനുവദിച്ചതാണ്. പദ്ധതിയുടെ ചെലവ് 3,801 കോടി രൂപയായി ഉയർത്തി 2023 ഡിസംബറിൽ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിനും ചെലവ് പങ്കിടാനുള്ള സന്നദ്ധതയ്ക്കും സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. 2024 ആഗസ്റ്റിൽ സമ്മതം അറിയിച്ചു.

2025 ജൂൺ മൂന്നിന് റെയിൽവേ മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ ത്രികക്ഷി കരാറിൽ ഒപ്പിടാൻ സർക്കാർ വിസമ്മതിച്ചു. മുഖ്യമന്ത്രി പിണറായി വിജയുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിൽ ചെലവിന്റെ 50 ശതമാനം ഭൂമി ഏറ്റെടുക്കാൻ വിനിയോഗിക്കാൻ അഭ്യർത്ഥിച്ചു. സംസ്ഥാനം ഭൂമി ഏറ്റെടുക്കാൻ ആരംഭിച്ചാൽ ജോലികൾ മുന്നോട്ട് പോകാമെന്ന് മന്ത്രി അറിയിച്ചു.

തടസങ്ങൾ പലത്

ഭൂമി ഏറ്റെടുക്കൽ

വനം വകുപ്പ് അനുമതി

അടിസ്ഥാന സൗകര്യങ്ങളിലെ തടസം

വിവിധ നിയമപരമായ അനുമതികൾ

 ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ

 പദ്ധതി പ്രദേശത്തെ ക്രമസമാധാന സ്ഥിതി

 പദ്ധതിക്ക് ഒരുവർഷത്തിൽ എത്ര പ്രവൃത്തി മാസങ്ങൾ

ശബരിപാത

ആകെ ദൂരം 111 കിലോമീറ്റർ

ഏറ്റെടുക്കേണ്ട സ്ഥലം 416 ഹെക്ടർ

ഏറ്റെടുത്തത് 24 ഹെക്ടർ