ആലുവയില്‍ നിന്ന് 20 മിനിറ്റുകൊണ്ട് വിമാനത്താവളത്തിലെത്താം; സാദ്ധ്യതാ പഠനം നടത്തി

Wednesday 06 August 2025 9:23 PM IST

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകാന്‍ കൊച്ചിയിലെത്തുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് യാത്രാ ക്ലേശമാണ്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോകാന്‍ ട്രെയിനില്‍ എത്തുന്നവര്‍ക്ക് പിന്നീട് നെടുമ്പാശേരിയിലേക്ക് പോകാന്‍ മറ്റ് യാത്രാ മാര്‍ഗങ്ങള്‍ തേടേണ്ട സ്ഥിതിയാണ്. ഇതിനായ് ചെലവാക്കേണ്ടി വരുന്നതാകട്ടെ ഭീമമായ തുകയും. നെടുമ്പാശേരിയില്‍ റെയില്‍വേ സ്റ്റേഷന്‍ എന്ന കേരളത്തിന്റെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.

എന്നാല്‍ നെടുമ്പാശേരിയിലേക്കുള്ള യാത്രയ്ക്ക് ആലുവയില്‍ നിന്ന് വാട്ടര്‍ മെട്രോയെ ഉപയോഗിക്കാനുള്ള സാദ്ധ്യതകളില്‍ പഠനം നടത്തിയിരിക്കുകയാണ് കൊച്ചി മെട്രോ റെയില്‍ അധികൃതര്‍. പ്രാഥമിക സാദ്ധ്യതാപഠനം പൂര്‍ത്തിയാക്കിയതായി കെഎംആര്‍എല്‍ എംഡി മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നെടുമ്പാശേരിക്ക് പുറമേ ഒമ്പത് റൂട്ടുകള്‍ കൂടി കണ്ടെത്തിയതായും ബെഹ്‌റ പറഞ്ഞു. ആലുവയില്‍ നിന്ന് പെരിയാര്‍ വഴി വാട്ടര്‍ മെട്രോ നെടുമ്പാശേരിയിലേക്ക് സര്‍വീസ് നടത്താനാണ് ആലോചിക്കുന്നത്.

കൊച്ചിയുടെ ഭാവിയിലെ ഗതാഗതം സംബന്ധിച്ച് പനമ്പിള്ളി നഗര്‍ കെഎംഎ ഹാളില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു ബെഹ്റ ഇക്കാര്യം പറഞ്ഞത്. കൊച്ചി വാട്ടര്‍ മെട്രോ മാതൃകയാക്കി രാജ്യത്ത് 18 ഇടങ്ങളിലാണ് സമാനമായ പദ്ധതികള്‍ നടപ്പാക്കുന്നത്. കൊല്‍ക്കത്ത , ഗോവ, ശ്രീനഗര്‍ , അഹമ്മദാബാദ് തുടങ്ങിയ പ്രധാന ഇടങ്ങള്‍ വരെ വാട്ടര്‍മെട്രോയുടെ ആശയത്തിലേക്ക് വന്നുവെന്നും ലോക്നാഥ് ബെഹറ പറഞ്ഞു.