കടുത്ത ട്രാഫിക് ബ്ളോക്കിൽ ആംബുലൻസിന് വഴിയൊരുക്കാൻ മുന്നിലോടി പൊലീസ് ഉദ്യോഗസ്ഥൻ, സമൂഹമാദ്ധ്യമങ്ങളിൽ സല്യൂട്ട് നൽകി ജനം
ഒരു ജീവന്റെ വില നന്നായി അറിയുന്നവരാണ് നമ്മളെല്ലാം. പ്രധാന വഴികളിൽ അതിവേഗത്തിൽ പായുന്ന ആംബുലൻസുകൾ കാണുമ്പോൾ മനസാക്ഷിയുള്ളവരെല്ലാം വഴി മാറിക്കൊടുക്കും. എന്നാൽ ചിലർ മാത്രം അതിന് അപവാദമാണ്. രണ്ടര കിലോമീറ്ററോളം ആംബുലൻസിന് മുന്നിൽ വാഹനം കടത്തിവിടാതെ ഓടിയതിന്റെയും മനഃപൂർവം മാർഗതടസം ഉണ്ടാക്കിയതിന്റെയുമെല്ലാം വാർത്തകൾ നാം ഈയടുത്ത് കണ്ടതാണ്. എന്നാൽ വാഹനം വഴികാട്ടി സമൂഹത്തിന് മാതൃകയായവരുടെ വാർത്തകളും നാം കണ്ടിട്ടുണ്ട്.
ഇത്തരത്തിൽ മാതൃകയായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഗുരുതര രോഗം ബാധിച്ച രോഗിയുമായി കടന്നുവന്ന ആംബുലൻസ് റോഡിലെ കടുത്ത ട്രാഫിക് കുരുക്കിൽ പെട്ടു. ഉദ്യോഗസ്ഥൻ ആംബുലൻസിന് മുന്നിലെ റോഡിലൂടെ ഓടി വാഹനങ്ങൾ ഇരുവഴിയിലേക്കും നീക്കി ആംബുലൻസിന് വഴിയൊരുക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. കേരള പൊലീസ് സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ ഈ ദൃശ്യം പോസ്റ്ര് ചെയ്‌തിട്ടുണ്ട്.
'ട്രാഫിക് ബ്ലോക്കിൽ ആംബുലൻസിന് വഴിയൊരുക്കുന്ന സഹപ്രവർത്തകർ. അപകടാവസ്ഥയിലായ ഒരു ജീവനും കൊണ്ടാണ് ഓരോ ആംബുലൻസും വരുന്നത്. ആംബുലൻസ് വരുന്ന സൂചന ലഭിച്ചാൽ ആംബുലൻസിന് എത്രയും വേഗം കടന്നു പോകാൻ വഴിയൊരുക്കുക എന്നതാണ് നമ്മുടെ കടമ. വാഹനത്തിന് പുറകെ ഒരു ആംബുലൻസ് വരുന്ന സൂചന ലഭിച്ചാൽ കഴിയുന്നതും വേഗം ഇടത്തേക്ക് ഇൻഡിക്കേറ്റർ തെളിയിച്ച് വാഹനം പരമാവധി ഇടതുവശത്തേക്ക് ഒതുക്കി ആംബുലൻസിനെ വലത് ഭാഗത്ത്കൂടെ കടത്തിവിടുക.' എന്ന കുറിപ്പോടെയാണ് വീഡിയോ കേരള പൊലീസ് പങ്കുവച്ചത്. അതേസമയം ഇദ്ദേഹത്തിന്റെ പേരും സ്റ്റേഷനുമടക്കം വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.