പലിശ നിരക്കിൽ മാറ്റമില്ല
കൊച്ചി: ആഗോള ധനകാര്യ മേഖലയിലെ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് മുഖ്യ പലിശ നിരക്കായ റിപ്പോയിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയില്ല. നാണയപ്പെരുപ്പം വീണ്ടും താഴുമെങ്കിലും റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 5.5 ശതമാനത്തിൽ തുടരുമെന്ന് ഇന്നലെ അവസാനിച്ച ധനനയ രൂപീകരണ യോഗത്തിന് ശേഷം ഗവർണർ സഞ്‌ജയ് മൽഹോത്ര പറഞ്ഞു. സമിതി അംഗങ്ങളായ ആറ് പേരും തീരുമാനത്തോട് യോജിച്ചു.
നടപ്പുവർഷം ഫെബ്രുവരിക്ക് ശേഷം റിപ്പോ നിരക്ക് റിസർവ് ബാങ്ക് ഒരു ശതമാനം കുറച്ചിരുന്നു. നാണയപ്പെരുപ്പം ഗണ്യമായി കുറയുന്നതാണ് പലിശ തുടർച്ചയായി കുറയ്ക്കുന്നതിന് അനുകൂല സാഹചര്യം ഒരുക്കിയത്. ഇത്തവണ പലിശ വീണ്ടും കുറയ്ക്കാൻ കഴിയുമായിരുന്നുവെങ്കിലും അമേരിക്ക തീരുവ വർദ്ധിപ്പിക്കുന്നതും കാലവർഷത്തിന്റെ ലഭ്യത കൂടുന്നതും കണക്കിലെടുത്താണ് തീരുമാനം വൈകിച്ചത്. ധനനയത്തിൽ ന്യൂട്രലിൽ സ്‌റ്റാൻഡ് നിലനിറുത്താനും യോഗം തീരുമാനിച്ചു. നാണയപ്പെരുപ്പം, ജി.ഡി.പി വളർച്ച തുടങ്ങിയവയിലെ ചലനങ്ങൾ കണക്കിലെടുത്ത് പലിശയിൽ മാറ്റം വരുത്തുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സ്‌റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി 5.25 ശതമാനത്തിൽ തുടരും.
ജൂണിലെ ധനനയം അനുസരിച്ചുള്ള കരുതൽ ധന അനുപാതത്തിൽ വരുത്തുന്ന കുറവ് സെപ്തംബറിൽ നടപ്പാകുമെന്നും ഇതിലൂടെ രണ്ടര ലക്ഷം കോടി രൂപ അധികമായി വിപണിയിലെത്തുമെന്നും റിസർവ് ബാങ്ക് വിലയിരുത്തുന്നു. ആഗോള മേഖലകളിലെ അനിശ്ചിതത്വം ശക്തമാണെങ്കിലും ഇന്ത്യൻ സാമ്പത്തിക മേഖല സുസ്ഥിരമായ വളർച്ചയിൽ തുടരുമെന്നും റിസർവ് ബാങ്ക് ഗവർണർ കൂട്ടിച്ചേർത്തു.
നടപ്പു സാമ്പത്തിക വർഷം ലക്ഷ്യമിടുന്ന ജി.ഡി.പി വളർച്ച 6.5 ശതമാനമായി നിലനിറുത്തി. ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം നടപ്പുവർഷം 3.1 ശതമാനമായി കുറയുമെന്നും റിസർവ് ബാങ്ക് വിലയിരുത്തുന്നു.
പലിശ നിരക്കിൽ മാറ്റം വരുത്താതെ ന്യൂട്രൽ നില കൈക്കൊള്ളാൻ ആർ.ബി.ഐ തീരുമാനിച്ചത് പ്രധാനമായും വരാനിരിക്കുന്ന പണപ്പെരുപ്പ കണക്കുകളിലും യു.എസുമായുള്ള വ്യാപാര കരാറിന്റെ ഘടനയിലും കൂടുതൽ വ്യക്തത ആവശ്യമുള്ളതു കൊണ്ടാണ്. വിലക്കയറ്റം ഇപ്പോൾ നിയന്ത്രണ വിധേയമാണെങ്കിലും നാലാം പാദത്തോടെ വർദ്ധിക്കുമെന്നാണ് ആർ.ബി.ഐ കണക്കാക്കുന്നത്.
വി.പി നന്ദകുമാർ മാനേജിംഗ് ഡയറക്ടർ,
മണപ്പുറം ഫിനാൻസ് ലിമിറ്റഡ്
റിപ്പോ നിരക്ക് മാറ്റമില്ലാതെ നില നിർത്താനുള്ള റിസർവ് ബാങ്ക് പണ നയ സമിതിയുടെ തീരുമാനം ഭാവിയിൽ പലിശ നിരയ്ക്കു കുറച്ചേക്കുമെന്നുള്ളതിന്റെ സൂചനയാണ്. തത്ക്കാലം നിരക്കു കുറയ്ക്കാതെ ഇടവേള നൽകി നിഷ്‌പക്ഷ നയം തുടരാനുള്ള തീരുമാനം ബാങ്കിംഗിനും സമാന മേഖലകൾക്കും ഗുണകരമാണ്.
ഡോ. വി.കെ വിജയകുമാർ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്,
ജിയോജിത് ഇൻവെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്