രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാർ: പിന്നാക്ക-പട്ടിക വിഭാഗം 18 ശതമാനം മാത്രം

Thursday 07 August 2025 12:00 AM IST

കൊച്ചി: രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരിൽ ഒ.ബി.സി, പട്ടിക വിഭാഗക്കാർ അഞ്ചിലൊന്നിൽ താഴെ. ജഡ്ജിമാരുടെ നിയമനത്തിൽ സംവരണം ഏർപ്പെടുത്തുമോയെന്ന ചോദ്യത്തോട് പാർലമെന്റിൽ കേന്ദ്രം കൈമലർത്തി.

സുപ്രീം കോടതി ജീവനക്കാരുടെ നിയമനത്തിലും സ്ഥാനക്കയറ്റത്തിലും സംവരണതത്വം നടപ്പാക്കി സുപ്രീം കോടതി കഴിഞ്ഞ മാസം വിജ്ഞാപനം ചെയ്തിരുന്നു. തുടർന്നാണ് ജഡ്ജിമാരുടെ നിയമനത്തിൽ സംവരണം ചർച്ചയായത്. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും ജഡ്ജിമാരുടെ നിയമനത്തിന് ഭരണഘടനയുടെ അനുച്ഛേദങ്ങളും കൊളീജിയം ശുപാർശയും ആധാരമാക്കുന്നതിനാൽ ഇടപെടാനാകില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.അതേ സമയം, ഹൈക്കോടതി ജഡ്ജി നിയമനത്തിന് ശുപാർശ ചെയ്യപ്പെടുന്നവരുടെ സാമൂഹിക സ്ഥിതിവിവരം 2018 മുതൽ തേടുന്നുണ്ട്. ഇതു പ്രകാരമുള്ള കണക്കുകൾ കേന്ദ്രം സഭയിൽ വച്ചു.

2018 മുതൽ 2025 ജൂലായ് 28 വരെ രാജ്യത്തെ ഹൈക്കോടതികളിൽ 753 ജഡ്ജിമാരുടെ നിയമനം നടന്നു. ഇതിൽ ഒ.ബി.സി, പട്ടിക വിഭാഗക്കാർ 18 ശതമാനവും ന്യൂനപക്ഷക്കാ‌ർ 5 ശതമാനവും മാത്രമാണ്. നിയമനങ്ങളിൽ സാമൂഹികനീതി പാലിക്കാൻ ശ്രദ്ധിക്കണമെന്ന് ഹൈക്കോടതികളോട് അപേക്ഷിച്ചിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഹൈക്കോടതികളിൽ ആകെ വേണ്ടത് 1114 ജഡ്ജിമാരാണ്. ഇതിൽ 30 ശതമാനം തസ്തികകകൾ ഒഴിഞ്ഞു കിടക്കുന്നതും പിന്നാക്കക്കാരുടെ അവസരം കുറയ്‌ക്കുന്നു.

ഉന്നത കോടതികളിലെ ജീവനക്കാരുടെ നിയമനം നിലവിൽ ബന്ധപ്പെട്ട ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ്. സംവരണം ബാധകമല്ല. ഇതിനൊരു മാറ്റം വരുത്തിയാണ് സുപ്രീംകോടതിയിലെ ജീവനക്കാരുടെ നിയമനത്തിൽ സംവരണം ബാധകമാക്കുന്ന ചരിത്രപരമായ തീരുമാനമുണ്ടായത്.

ആകെ ഹൈക്കോടതികൾ: 25

7 വർഷത്തിനിടെ ജഡ്ജി നിയമനം: 753

ഒ.ബി.സി- 93

പട്ടികജാതി- 24

പട്ടികവർഗം- 17

ന്യൂനപക്ഷം- 42

വനിത - 117