സ്വാതന്ത്ര്യദിനം : വീണാജോർജ് അഭിവാദ്യം സ്വീകരിക്കും

Thursday 07 August 2025 12:15 AM IST

പത്തനംതിട്ട : കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടക്കുന്ന 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ മന്ത്രി വീണാജോർജ് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നൽകും. സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാൻ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. 11, 12 തീയതികളിൽ പരേഡ് റിഹേഴ്‌സലും 13 ന് ഡ്രസ് റിഹേഴ്‌സലും സംഘടിപ്പിക്കും. സെറിമോണിയൽ പരേഡിന്റെ പൂർണ ചുമതല പത്തനംതിട്ട എ.ആർ ക്യാമ്പ് അസിസ്റ്റന്റ് കമാൻഡന്റിനാണ്. ആഘോഷ പരിപാടികളുടെ ഏകോപനം കോഴഞ്ചേരി തഹസീൽദാർ നിർവഹിക്കും. 29 പ്ലറ്റൂണുകൾ പരേഡിൽ പങ്കെടുക്കും. പൊലിസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയർഫോഴ്‌സ് രണ്ട്, എക്‌സൈസ് ഒന്ന്, എസ് പി സി ആറ്, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ഏഴ്, ജൂനിയർ റെഡ് ക്രോസ് നാല്, എൻ.സി.സി ഒന്ന്, ബാൻഡ് സെറ്റ് നാല് എന്നിങ്ങനെയാണ് പ്ലറ്റൂണുകളുടെ എണ്ണം. പരേഡ് റിഹേഴ്‌സലിനെത്തുന്നവർക്ക് പത്തനംതിട്ട നഗരസഭയും ജില്ലാ പഞ്ചായത്തും ലഘുഭക്ഷണം നൽകും. സ്വാതന്ത്ര്യ ദിനത്തിൽ ജില്ലാ സപ്ലൈ ഓഫീസ്, കുടുംബശ്രീ മുഖേന ലഘുഭക്ഷണമൊരുക്കും. സുരക്ഷയും ഗതാഗത നിയന്ത്രണവും ജില്ലാ പൊലിസും ആതുര സേവനം ജില്ലാ മെഡിക്കൽ ഓഫീസറിന്റെ നേതൃത്വത്തിലും സജ്ജീകരിക്കും. കലാ സാംസ്‌കാരിക പരിപാടികൾക്ക് വിദ്യാഭ്യാസ ഉപഡയറക്ടർ നേതൃത്വം നൽകും. എ.ഡി.എം ബി.ജ്യോതി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.