താമരപ്പൂവിൽ ഉന്മേഷച്ചായ, വികസിപ്പിച്ചത് ബൊട്ടാണിക്കൽ ഗാർഡനിലെ യുവ ശാസ്ത്രജ്ഞർ

Thursday 07 August 2025 12:00 AM IST

ടീ ബാഗിന്റെ പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഹായ്! ദേശീയ പുഷ്പമായ താമരകൊണ്ട് ഔഷധഗുണമുള്ള ചായ. ടീ-ബാഗിൽ ചായപ്പൊടിക്കു പകരം താമരക്കൂട്ട്. രക്തസമ്മർദ്ദം കുറയ്ക്കാനും ചർമ്മസംരക്ഷണത്തിനും മാനസികാരോഗ്യത്തിനും താമരപ്പാനീയം ഉത്തമം. താമരയുടെ സത്തിൽ ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിൽ ജലാംശം നിലനിറുത്താനും സഹായിക്കും.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിലുള്ള കോഴിക്കോട് ആസ്ഥാനമായ മലബാർ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസ് ആണ് താമരയ്ക്കൊപ്പം വിവിധ ഔഷധഗുണങ്ങൾ ചേർത്ത ടീ ബാഗ് പുറത്തിറക്കുന്നത്. അക്വാ-ഫ്ലോറ ഇൻഫ്യൂസ് എന്നാണ് ഉത്പന്നത്തിന്റെ പേര്.

'കഫീൻ അടങ്ങിയ ചായയും കോഫിയും ആളുകൾ കുടിക്കുന്നത് ഉന്മേഷം ലഭിക്കാനാണ്. സ്ഥിരമായി ഇത് കുടിക്കുന്നത് അമിതമായ ഉത്കണ്ഠയും ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നു." പ്രോജക്ടിനു പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളായ ജൂനിയർ സയന്റിസ്റ്റ് ഡോ.കെ.എം.മഞ്ജുള പറഞ്ഞു.

ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നാണ് ഔഷധസസ്യങ്ങൾ ശേഖരിച്ചത്. ഇത് ചതച്ച് ഉണക്കി ലാബിൽ പരീക്ഷിച്ചു. ഇലകളും പൂക്കളും ചതച്ച നിലയിലാകും 'ടി ബാഗി'ൽ. തിളയ്ക്കുന്ന വെള്ളത്തിൽ ഈ ബാഗ് 1-2 മിനിട്ട് മുക്കിവച്ച് താമരച്ചായ ഉണ്ടാക്കാം. പഞ്ചസാരയോ പാലോ ചേർക്കേണ്ടതില്ല. സയന്റിസ്റ്റ് ഇൻ ചാർജ് ഡോ.എൻ.എസ്.പ്രദീപ്, ജൂനിയർ സയന്റിസ്റ്റ് ഡോ.വി.എസ്.ഹരീഷ് എന്നിവരും കണ്ടുപിടിത്തത്തിന് നേതൃത്വം നൽകി.

പ്രമേഹമുക്ത മധുരം

പ്രധാന ചേരുവയായ താമരയ്ക്കു പുറമേ തുളസി, സ്റ്റീവിയ, ശംഖുപുഷ്പം ഉൾപ്പെടെ എട്ടോളം സസ്യങ്ങളുടെ ഇലയും പൂവുമാണ് ഉപയോഗിച്ചത്. പഞ്ചസാരക്കൊല്ലിയെന്ന് അറിയപ്പെടുന്ന സ്റ്റീവിയ പ്രമേഹരോഗികൾക്കും ഉപയോഗിക്കാവുന്നതാണ്. ശംഖുപുഷ്പം ചേർത്തതിനാൽ ഇളംനീലനിറമായിരിക്കും പാനീയത്തിന്. നൂതന സാങ്കേതികവിദ്യയിൽ ഉണക്കിയെടുത്തതിനാൽ സുഗന്ധം നീണ്ടുനിൽക്കും. കെമിക്കൽ ചേരുവകൾ ഇല്ല.

വിപണിയിലേക്ക്

ഇന്ന് തിരുവനന്തപുരത്ത് ശാസ്ത്ര കൗൺസിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ആർ ആൻഡ് ഡി സമ്മിറ്റിൽ ഉത്പന്നം അവതരിപ്പിക്കും. ഇത് വിപണിയിലെത്തിക്കാൻ സ്റ്റാർട്ടപ്പുകളുടെ സഹായം വേണം. വെൽനസ് കഫേകൾ, ന്യൂട്രാസ്യൂട്ടിക്കൽ ബ്രാൻഡുകൾ എന്നിവയുമായി സഹകരിക്കാനാണ് ശ്രമം.