ജില്ലയിലെ ആദ്യ ചുണ്ടൻവള്ളം ഇന്ന് നീരണിയും, നെഹ്റു ട്രോഫിയിൽ മുത്തമിടാൻ നിരണം ചുണ്ടൻ

Thursday 07 August 2025 12:23 AM IST

തിരുവല്ല : മൂന്ന് വർഷത്തിനിടെ സ്വന്തമായി വള്ളവും ബോട്ട് ക്ളബും തുഴച്ചിൽക്കാരുമായി പത്തനംതിട്ട ജില്ലയെ പുന്നമടയിൽ അടയാളപ്പെടുത്തിയ നിരണം ചുണ്ടൻ ഇന്ന് നീരണിയും. ഈമാസം 30ന് നടക്കുന്ന നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടുക്കാനായി ഇന്ന് 11.30നും 12.30നും മദ്ധ്യേ തേവേരിയിലാണ് ചുണ്ടന്റെ നീരണിയൽ നടക്കുന്നത്. ഏറെ പുതുമകളോടെയാണ് ഇത്തവണ നിരണം ചുണ്ടൻ മത്സരത്തിനിറങ്ങുന്നത്. സ്വന്തം വള്ളം, സ്വന്തം ടീം, സ്വന്തം ക്യാപ്റ്റൻ ഇത് നിരണത്തിന്റെ മാത്രം പ്രത്യേകതയാണ്. കഴിഞ്ഞവർഷം നെഹ്റു ട്രോഫിയിലും ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിലും മൂന്നാം സ്ഥാനം നേടിയിരുന്നു. കളിവള്ളങ്ങൾ ഏറെയുണ്ടെങ്കിലും ജില്ലയിലെ ആദ്യത്തെ ചുണ്ടനാണ് നിരണം. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് ദേശക്കാർക്കായി പ്രദർശന തുഴച്ചിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

നിരണം ചുണ്ടൻ

ബോട്ട് ക്ലബ്ബ് : നിരണം ബോട്ട് ക്ളബ്.

ക്യാപ്ടൻ : കാട്ടുനിലത്ത് പുത്തൻപറമ്പിൽ കെ.ജി.എബ്രഹാം.

വള്ളസമിതിക്ക് നേതൃത്വം നൽകുന്നത് :

ബിജു തുടങ്ങിപറമ്പിൽ, ബോസ്, സാജൻ തോമസ്, രാജൻ കടപ്പിലാരിൽ.

തുഴച്ചിൽക്കാരുടെ എണ്ണം : 83.

പരിശീലകർ : സുനിൽ കൈനകരി, രാഹുൽ പ്രകാശ്.

പരിശീലനം : 30 ദിവസം, കരുമാടിതോട്ടിൽ.

കഴിഞ്ഞ നെഹ്റു ട്രോഫിയിൽ ഫോട്ടോ ഫിനിഷിംഗിലാണ് വെള്ളിക്കപ്പ് നഷ്ടമായത്. ഇത്തവണ ആ വെള്ളിക്കപ്പ് സ്വന്തമാക്കാനുള്ള തീരുമാനത്തിലാണ് ടീമിനെ ഒരുക്കിയിരിക്കുന്നത്.

റെജി അടിവാക്കൽ, പ്രസിഡന്റ്, നിരണം ബോട്ട് ക്ളബ്