കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷം
കണ്ണൂർ: യൂണിയൻ തിരഞ്ഞെടുപ്പിനിടെ കണ്ണൂർ സർവകലാശാലയിൽ എസ്.എഫ്.ഐ യു.ഡി.എസ്.എഫ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ചെടിച്ചട്ടിയും ഹെൽമറ്റും വടിയും കല്ലും ഉപയോഗിച്ചുള്ള സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് പല തവണ ലാത്തി വീശി. പൊലീസിന് നേരെയും കൈയേറ്റമുണ്ടായി.
രാവിലെ 9 ന് കാസർകോഡ് ജില്ലയിലെ എം.എസ്.എഫി ന്റെ യു.യു.സി.യെ എസ്.എഫ്.ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ചായിരുന്നു സംഘർഷത്തിന്റെ തുടക്കം.
എസ്.എഫ്.ഐ സ്ഥാനാർത്ഥിയായ വിദ്യാർത്ഥിനി വോട്ടു ചെയ്യാനെത്തിയ വിദ്യാർത്ഥിനിയുടെ തിരിച്ചറിയൽ കാർഡും സ്ലിപ്പും തട്ടിപ്പറിച്ചോടിയെന്ന് ആരോപണമുയർന്നു. പൊലീസ് ഈ പെൺകുട്ടിയെ തടഞ്ഞു.താൻ ഐ.ഡി കാർഡ് തട്ടിപ്പറിച്ചിട്ടില്ലെന്നും പരിശോധിക്കാമെന്നും പെൺകുട്ടി പറഞ്ഞു. പൊലീസ് ലാത്തിവീശി താത്കാലികമായി പ്രശ്നം തീർത്തു.11 ഓടെ വീണ്ടും സംഘർഷമുണ്ടായി. തങ്ങളെ മർദ്ദിച്ചവരെ പോകാൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി യു.ഡി.എസ്.എഫി ന്റെ യു.യു.സിമാർ എത്തിയ ബസ് എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞു . യു.ഡി.എസ്.എഫ് കള്ളവോട്ടിന് ശ്രമിച്ചെന്നും എസ്.എഫ്.ഐ ആരോപിച്ചു. ഏറെ പരിശ്രമിച്ചാണ് പൊലീസ് പ്രവർത്തകരെ പിരിച്ചുവിട്ടത്.