ഐ.സി.സി റാങ്കിംഗിൽ സിറാജിന് മുന്നേറ്റം

Wednesday 06 August 2025 11:52 PM IST

ദുബായ് : ഇംഗ്ലണ്ട് പര്യടനത്തിലെ അതിംഗഭീര പ്രകടനത്തിന്റെ മികവിൽ ടെസ്റ്റ് ബൗളിംഗ് റാങ്കിങ്ങിൽ 12 പടവുകൾ കയറി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. പുതിയ റാങ്ക് പട്ടികയിൽ 15-ാം സ്ഥാനത്താണ് സിറാജ്. സിറാജിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്. കഴിഞ്ഞ ജനുവരിയിൽ 16-ാം സ്ഥാനത്തുവരെ എത്തിയിരുന്നു . ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ തന്നെയാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദ രണ്ടാമതും ഓസീസ് നായകൻ പാറ്റ് കമ്മിൻസ് മൂന്നാമതുമുണ്ട്.

ടെസ്റ്റ് ബാറ്റർമാരുടെ റാങ്ക് പട്ടികയിൽ ഇംഗ്ളീഷ് താരങ്ങളായ ജോ റൂട്ട് ഒന്നാമതും ഹാരി ബ്രൂക്ക് രണ്ടാമതുമാണ്. രണ്ടാമതുണ്ടായിരുന്ന കേൻ വില്യംസണിനെ മൂന്നാമനാക്കിയാണ് ബ്രൂക്ക് ആ സ്ഥാനത്തെത്തിയത്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് നാലാമത്. ഇന്ത്യയുടെ യശസ്വി ജയ്സ്വാൾ മൂന്ന് പടവുകൾ കയറി അഞ്ചാം റാങ്കിലേക്കെത്തി. റിഷഭ് പന്ത് എട്ടാം റാങ്കിലും ശുഭ്മാൻ ഗിൽ 13-ാം റാങ്കിലുമുണ്ട്.