പാലിയേക്കര ടോളിന് നാലാഴ്ചത്തെ വിലക്ക്, ഗതാഗതക്കുരുക്ക് പരിഹരിച്ചിട്ടു മതിയെന്ന് ഹൈക്കോടതി
കൊച്ചി: ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ദേശീയപാത അതോറിട്ടിക്ക് കഴിയാത്തതിനാൽ തൃശൂർ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി നാലാഴ്ചത്തേക്ക് വിലക്കി. ഈ സമയപരിധിക്കകം കുരുക്ക് പരിഹരിക്കാൻ അതോറിട്ടി നടപടിയെടുക്കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കോൺഗ്രസ് നേതാക്കളായ ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത് തുടങ്ങിയവർ ഫയൽ ചെയ്ത ഹർജികളിലാണ് ഉത്തരവ്. ഫെബ്രുവരി മുതൽ അവസരം നൽകിയിട്ടും പരിഹാരം കാണാൻ അതോറിട്ടി നടപടി സ്വീകരിച്ചില്ലെന്ന് കോടതി വിമർശിച്ചു. നടപടി സ്വീകരിക്കുന്നതുവരെ ടോൾപിരിവ് നിറുത്തിവയ്‌ക്കണം.
സുഗമമായ ഗതാഗതം ഉറപ്പാക്കാനാണ് ടോൾ പിരിവ്. ഇതിൽ വീഴ്ച വരുമ്പോൾ ടോൾ അവകാശപ്പെടാൻ ദേശീയപാത അതോറിട്ടിക്കും കരാറുകാർക്കും കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു.ടോൾ കൊടുക്കുന്നത് യാത്രക്കാരുടെ നിയമപരമായ ബാദ്ധ്യതയാണെന്നും ചൂണ്ടിക്കാട്ടി. ജൂലായ് 17 ന് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലെടുത്ത തീരുമാനങ്ങൾ നാലാഴ്ചയ്‌ക്കകം നടപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
എൻ.എച്ച് അധികൃതരുടെ വീഴ്ചകൾ
# മൂന്ന് മണിക്കൂർ വരെ നീളുന്ന ഗതാഗതക്കുരുക്കാണ്. മണ്ണുത്തി - ഇടപ്പള്ളി 65 കിലോമീറ്റർ പാതയിൽ നാലു കിലോമീറ്റർ മേഖലയിൽ മാത്രമാണ് കുരുക്കെന്ന എൻ.എച്ച്.എ.ഐ വിശദീകരണം കോടതി തള്ളി.
# അടിപ്പാത, മേൽപ്പാത നിർമ്മാണവും ബ്ലാക്ക് സ്‌പോട്ടുകൾ പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികളും കാരണമാണ് കുരുക്കുണ്ടായത്. കരാർ നൽകുമ്പോൾ ഇതിനുള്ള സാദ്ധ്യത കണക്കിലെടുത്തില്ല. നിർമ്മാണം തുടങ്ങുന്നതിന് മുമ്പ് സമാന്തരപാതകൾ സഞ്ചാരയോഗ്യമാക്കാനായില്ല.
എല്ലാ ദിവസവും റോഡ്
പരിശോധിക്കണം
# സർവീസ് റോഡുകൾ എല്ലാ ദിവസവും പരിശോധിച്ച് സഞ്ചാരയോഗ്യമാണെന്ന് ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.
# ആമ്പല്ലൂരിൽ നിന്ന് ടോൾ പ്ലാസ വരെ സർവീസ് റോഡും മറ്റ് റോഡുകളും അറ്റകുറ്റപ്പണി നടത്തണം * മുരിങ്ങൂരിൽ ഗതാഗതം സുഗമമാക്കാൻ പഞ്ചായത്ത് റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണം. അവിടെ റിക്കവറി വാഹനം ഉറപ്പാക്കണം * മുരിങ്ങൂരിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കാറുൾപ്പെടെ ചെറുവാഹനങ്ങൾ തിരിച്ചുവിടണം