ആരാകും ഈ സീസണിന്റെ വിഘ്‌നേഷ് പുത്തൂർ ?
യുവതാരങ്ങൾക്ക് പ്രതീക്ഷകളേകി കെ.സി.എൽ രണ്ടാം സീസൺ
തിരുവനന്തപുരം : ആദ്യ സീസൺ കെ.സി.എല്ലിന്റെ കണ്ടുപിടുത്തമായിരുന്നു വിഘ്‌നേഷ് പുത്തൂർ എന്ന പെരിന്തൽമണ്ണക്കാരൻ. ആലപ്പി റിപ്പിൾസിനുവേണ്ടി വിരലിലെണ്ണാവുന്ന മത്സരങ്ങളേ വിഘ്നേഷ് കളിച്ചുള്ളൂവെങ്കിലും ഈ ചൈനമാൻ സ്പിന്നറെ മുംബയ് ഇന്ത്യൻസ് ടീമിന്റെ ടാലന്റ് സ്കൗട്ടിംഗ് ടീം സ്കെച്ചുചെയ്തു. നേരേ അവരുടെ സെലക്ഷൻ ട്രയൽസിലേക്ക് വിളിപ്പിക്കുകയും ചെയ്തു. പിന്നെ നടന്നത് ചരിത്രം. മുംബയ് ഇന്ത്യൻസിന്റെ കുപ്പായത്തിൽ അരങ്ങേറ്റമത്സരത്തിൽ വിക്കറ്റുകൾ നേടി വിഘ്നേഷ് സൂപ്പർ ഹീറോയായി. പരിക്ക് വിഘ്നം സൃഷ്ടിച്ചതിനാൽ ഐ.പി.എല്ലിൽ കുറച്ചുമത്സരങ്ങൾ മാത്രമേ കളിക്കാനായുള്ളൂ എന്ന സങ്കടമേയുള്ളൂ.ഈ സീസണിലും വിഘ്നേഷ് റിപ്പിൾസിൽ കളിക്കുന്നുണ്ട്.
വിഘ്നേഷിന്റെ നേട്ടം ഈ സീസണിൽ കെ.സി.എൽ കളിക്കാനെത്തുന്ന യുവതാരങ്ങൾക്കെല്ലാം പ്രചോദനമാണ്. ഇക്കുറിയും ഐ.പി.എൽ ടീമുകളുടെയെല്ലാം ടാലന്റ് ഐഡന്റിഫിക്കേഷൻ ടീം കെ.സി.എല്ലിനെത്തും. കഴിഞ്ഞ സീസണിൽ വിവിധ ടീമുകളുടെ സെലക്ഷൻ ട്രയൽസിലേക്ക് കെ.സി.എല്ലിൽ നിന്ന് 16 താരങ്ങൾക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നു. ടൂർണമെന്റുകളിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ചാലേ ദേശീയ ശ്രദ്ധയിൽപ്പെടൂ എന്ന സ്ഥിതിയല്ല ഇപ്പോൾ. ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നവർ ശ്രദ്ധിക്കപ്പെടും. അതിനാൽതന്നെ മുൻനിര താരങ്ങൾക്ക് മാത്രമല്ല ടീമിലെ യുവനിരയ്ക്കും അവസരങ്ങൾ ഒരുപോലെയാണ്. ഒന്നോ രണ്ടോ കളികളിലേ കളിക്കുന്നുള്ളൂവെങ്കിലും ആ പ്രകടനം മികച്ചതായാൽ മതിയെന്ന് സാരം.
തലവര തെളിയാൻ
പുതുനിര
കഴിഞ്ഞ സീസണിൽ ഒരു വിഘ്നേഷ് പുത്തൂരായിരുന്നെങ്കിൽ ഇക്കുറി അതുപോലെയാകാൻ വലിയ നിരതന്നെയുണ്ട്.ഏറ്റവും കൂടുതൽ പുതിയ താരങ്ങളുള്ളത് ആലപ്പി റിപ്പിൾസ് ടീമിൽതന്നെയാണ്. ശ്രീരൂപ് എംപി, ബാലു ബാബു, ആകാശ് പിള്ള, മു ഹമ്മദ് നാസിൽ, അർജുൻ നമ്പ്യാർ തുടങ്ങിയവരാണ് ആലപ്പി നിരയിലെ പുതിയ താരങ്ങൾ. കൊച്ചി ബ്ളൂടൈഗേഴ്സിൽ അഖിൽ കെ ജി, മുഹമ്മദ് ആഷിക് എന്നിവർ ആദ്യമായി കെ.സി.എല്ലിനിറങ്ങുന്നവരാണ്. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിൽ പ്രീതിഷ് പവൻ, കൃഷ്ണദേവൻ, ടി വി കൃഷ്ണകുമാർ, തുടങ്ങിയ പുതിയ കന്നിക്കാരുണ്ട്. ലീഗിലെഏറ്റവും പ്രായം കുറഞ്ഞ താരമായ കെ.ആർ രോഹിത്, വിഷ്ണു മേനോൻ, സിബിൻ ഗിരീഷ്, അജു പൌലോസ്, ആതിഫ് ബിൻ അഷ്റഫ് എന്നിവരാണ് തൃശൂരിന്റെ പുതുനിരയിൽ.സഞ്ജീവ് സതീശൻ, ആസിഫ് സലിം, അനു രാജ് ടി എസ്, അദ്വൈത് പ്രിൻസ്, ജെ.അനന്തകൃഷ്ണൻ എന്നിവരെ ട്രിവാൻഡ്രം റോയൽസും സ്വന്തമാക്കിയിട്ടുണ്ട്.
എല്ലാ ഐ.പി.എൽ ടീമുകളുടേയും ടാലന്റ് സ്കൗട്ടിംഗ് ടീം ഇക്കുറിയും കെ.സി.എല്ലിനെത്തും. കഴിഞ്ഞ സീസണിൽ നമ്മുടെ 16 താരങ്ങൾക്ക് ഐ.പി.എൽ സെലക്ഷൻ ട്രയൽസിൽ അവസരം ലഭിച്ചു. ഇക്കുറി അതിലേറെപ്പേർക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
- ജയേഷ് ജോർജ് , കെ.സി.എ പ്രസിഡന്റ്