നാഷണൽ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

Thursday 07 August 2025 1:06 AM IST

സാജു തോമസ്

കൊച്ചി: അംഗീകൃത സ്ഥാപനങ്ങളിൽ പ്ലസ് വൺ, ബിരുദം, ബിരുദാന്തര ബിരുദം, ഡിപ്ലോമ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നാഷണൽ സ്കോളർഷിപ്പ് സ്കീമുകളിൽ അപേക്ഷിക്കാം. 2025-26 അദ്ധ്യയന വർഷത്തേക്കാണ് അപേക്ഷിക്കേണ്ടത്. നാഷണൽ സ്കോളർഷിപ് പോർട്ടൽ (NSP) വഴി രജിസ്ട്രേഷൻ നടത്താം. വെബ്സൈറ്റ്: www.scholarships.gov.in.ഒക്ടോബർ 31നുള്ളിൽ അപേക്ഷിക്കണം.

* നാഷണൽ സ്കോളർഷിപ്പ്

ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് പഠിക്കുന്നവർക്ക് യു.ജി.സി നൽകുന്ന സ്കോളർഷിപ്പാണിത്. രാജ്യമൊട്ടാകെ 10000 പേർക്കാണ് ലഭിക്കുക. പ്രതിവർഷം 15000 രൂപയാണ് സ്കോളർഷിപ് തുക. റഗുലർ കോഴ്സായി ഒന്നാം വർഷ ബിരുദാന്തര ബിരുദ പ്രോഗ്രാം ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

* എ.ഐ.സി.ടി.ഇ സ്കോളർഷിപ്പ്

എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങളിൽ ഡിപ്ലോമ/ ബിരുദകാർക്കുള്ള സ്കോളർഷിപ്. സാക്ഷം,പ്രഗതി,സ്വനാഥ് എന്നിങ്ങനെ 3 തരം സ്കോളർഷിപ്പുകളുണ്ട്.

സാക്ഷം:- ഭിന്നശേഷിക്കാർക്കുള്ള സ്കോളർഷിപ്. 40 ശതമാനത്തിന് മുകളിൽ ഭിന്നശേഷിക്കാരായ മുഴുവൻ വിദ്യാർത്ഥികൾക്കും സ്കോളർഷിപ് ലഭിക്കും. നിലവിൽ ഒന്നാം വർഷക്കാരായിരിക്കണം. ലാറ്ററൽ എൻട്രിയെങ്കിൽ രണ്ടാം വർഷക്കാർക്കും അപേക്ഷിക്കാം.

പ്രഗതി:- ബിരുദം/ ഡിപ്ലോമ കോഴ്സ് ചെയ്യുന്ന പെൺകുട്ടികൾക്കുള്ളത്. രാജ്യമൊട്ടാകെ 5000 പേർക്കാണ് ലഭിക്കുക. പ്രതിവർഷം 50000 രൂപയാണ് സ്കോളർഷിപ് തുക. കുടുംബ വാർഷിക വരുമാനം 8 ലക്ഷം കവിയരുത്. ഒരു കുടുംബത്തിൽ 2 പേർക്ക് അപേക്ഷിക്കാം.

സ്വനാഥ്:- കോവിഡിനാൽ മാതാപിതാക്കളെ നഷ്ടപ്പെട്ടവർ, യുദ്ധത്തിൽ മരിച്ച സെൻട്രൽ പാരാമിലിട്ടറി/ സായുധസേനാ അംഗങ്ങളുടെ മക്കൾ, അനാഥർ എന്നിവർക്ക് അപേക്ഷിക്കാം.

* സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സർവകലാശാല/കോളേജ് വിദ്യാർത്ഥികൾക്കായി അനുവദിക്കുന്ന സ്കോളർഷിപ്. പ്രൊഫഷണൽ, ടെക്നിക്കൽ കോഴ്സുകൾക്കു പഠിക്കുന്നവർക്കും അപേക്ഷിക്കാം. ബിരുദക്കാർക്ക് പ്രതിവർഷം 12000 രൂപയും ബിരുദാനന്തര ബിരുദക്കാർക്ക് 20000വുമാണ് സ്കോളർഷിപ്പ്.

* ഭിന്നശേഷി വിഭാഗക്കാർക്ക്

പോസ്റ്റ് മെട്രിക്:- 40 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ള പ്ലസ് വൺ മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.