യു.പി.ഐ ഇടപാടിന് പണം പിടുങ്ങാൻ നീക്കം
Thursday 07 August 2025 12:22 AM IST
കൊച്ചി: ഫോൺ പേ, ഗൂഗിൾ പേ ഉൾപ്പെടെയുള്ള യു.പി.ഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) ഇടപാടുകൾക്ക് നിരക്ക് ഈടാക്കുമെന്ന സൂചന നൽകി ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര. യു.പി.ഐ എല്ലാക്കാലവും സൗജന്യമായി തുടരാനാവില്ല. യു.പി.ഐ ഇടപാടുകൾക്ക് ചെലവുണ്ടെന്നും അത് ആരെങ്കിലും വഹിക്കണമെന്നും പുതിയ ധന നയത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിക്കവേ അദ്ദേഹം പറഞ്ഞു.
യു.പി.ഐ ഇടപാടുകൾക്ക് നിരക്ക് ഈടാക്കാൻ സ്വകാര്യ ബാങ്കുകൾ നീക്കം നടത്തുന്നതിനിടെയാണ് റിസർവ് ബാങ്ക് ഗവർണറും ഇക്കാര്യത്തിൽ സൂചന നൽകിയത്. ഇന്ത്യയിലെ പേയ്മെന്റുകളിൽ 85%വും നടക്കുന്നത് യു.പി.ഐയിലൂടെയാണ്. 25.08 ലക്ഷം കോടി രൂപയുടെ യു.പി.ഐ ഇടപാടുകളാണ് ജൂലായിൽ മാത്രം ഇന്ത്യയിൽ നടന്നത്.